കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിച്ച് ഡിജിറ്റല്‍ പേമെന്റ് സ്ഥാപനങ്ങള്‍

കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിച്ച്  ഡിജിറ്റല്‍ പേമെന്റ് സ്ഥാപനങ്ങള്‍

മുംബൈ: നവംബര്‍ എട്ടിനുശേഷം ഡിജിറ്റല്‍ കമ്പനികള്‍ക്ക് ‘അച്ഛാ ദിന്‍’ ആണ്. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്ന് കാര്യമായ വളര്‍ച്ച രേഖപ്പെടുത്തിയ ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ്. കൂടുതല്‍ നികുതി ഇളവുകളും പ്രതിഫലങ്ങളും ഡിജിറ്റല്‍ പേമെന്റ് കമ്പനികള്‍ക്ക് അനുവദിച്ച് ഉപഭോക്താക്കളെ നോട്ട് ഇടപാടുകളിലേക്ക് മടങ്ങിപോകാന്‍ അനുവദിക്കാതെ ഡിജിറ്റല്‍ പേമെന്റുകളില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ വരുന്ന കേന്ദ്ര ബജറ്റില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
ഈ കാര്യത്തില്‍ സര്‍ക്കാര്‍ ദക്ഷിണ കൊറിയന്‍ മോഡല്‍ പിന്തുടരുമെന്ന് കമ്പനികള്‍ പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ പേമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും കൊറിയ നികുതി ഇളവുകള്‍ നല്‍കിയിരുന്നു.
ഗവണ്‍മെന്റ് ചെറുകിട വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഡിജിറ്റല്‍ പേമെന്റ് കമ്പനികളുടെ അഭിപ്രായം. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ഇല്ലാതാക്കേണ്ടതുണ്ട്.
കൂടുതല്‍ ആളുകളും ഡിജിറ്റല്‍ പേമെന്റിനെക്കാല്‍ കൂടുതല്‍ കാഷ് പേമെന്റിനെ ആശ്രയിക്കാനുള്ള പ്രധാന കാരണം നികുതിയാണെന്നും ഇതില്‍ ഇളവുണ്ടായാല്‍ ഡിജിറ്റല്‍ പേമെന്റിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുമെന്നുമാണ് ബാങ്കുകള്‍ പറയുന്നത്. എന്തായാലും ബജറ്റില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിജിറ്റല്‍ പേമെന്റ് സ്ഥാപനങ്ങള്‍.

Comments

comments

Categories: Business & Economy