ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒയ്ക്ക് തുടക്കം

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഐപിഒയ്ക്ക് തുടക്കം

 

മുംബൈ : ആയിരക്കണക്കിന് കമ്പനികള്‍ ഓഹരി വ്യാപാരം നടത്തുന്ന ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 1,250 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്ഇ ലക്ഷ്യംവെക്കുന്നത്. 2017ലെ ആദ്യ ഐപിഒ ആണ് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റേത്. ഇന്ന് മുതല്‍ മറ്റന്നാള്‍ വരെ ഐപിഒ തുടരും. ‘ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സിന്’ ബിഎസ്ഇ ഇതിനകം 46,28,158 ഓഹരികള്‍ 373 കോടി രൂപയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതുള്‍പ്പെടെ ആകെ 1,54,27,197 ഓഹരികളാണ് ബിഎസ്ഇ ഐപിഒ യ്ക്ക് അണിനിരത്തുന്നത്. രണ്ട് രൂപയാണ് മുഖവിലയായി നിശ്ചിയിച്ചിരിക്കുന്നത്. പ്രതി ഓഹരിക്ക് 805-806 രൂപ എന്ന അടിസ്ഥാന വിലയിലായിരിക്കും വില്‍പ്പന.
ഓഹരിയില്‍ താല്‍പ്പര്യമുള്ളവര്‍ കുറഞ്ഞത് പതിനെട്ട് ഓഹരികളെങ്കിലും വാങ്ങേണ്ടിവരും. 18 ന്റെ ഗുണിതങ്ങളായി മാത്രമാണ് ഓഹരികള്‍ കൈമാറുക. 1875 ജൂലൈ 9 ന് പ്രവര്‍ത്തനം തുടങ്ങിയ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന കമ്പനി ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ഇന്ത്യയിലെ ഏറ്റവും വലുതുമായ ഓഹരി വിപണിയാണ്. 5868 കമ്പനികളാണ് ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ബിഎസ്ഇയുടെ സ്വന്തം ഓഹരികള്‍ എതിരാളിയായ നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ പ്ലാറ്റ്‌ഫോമിലൂടെയാണ് വില്‍പ്പന നടത്തുന്നത്.
ഇതുവരെ 104 ലക്ഷം കോടി രൂപയുടെ സമ്പാദ്യമാണ് ബിഎസ്ഇ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത്. ഓരോ ആറ് മൈക്രോ സെക്കന്‍ഡിലും റെസ്‌പോണ്‍സ് ലഭിക്കുന്നു എന്ന നിലയില്‍ ബിഎസ്ഇ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓഹരി വിപണി എന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.
ഇക്വിറ്റി കാഷ് വിഭാഗത്തില്‍ ബിഎസ്ഇ ക്ക് 14 ശതമാനം വിപണിവിഹിതമാണുള്ളത്. ലിസ്റ്റ് ചെയ്ത കമ്പനികള്‍ 1.71 ട്രില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനാണ് ബിഎസ്ഇയിലൂടെ സാധ്യമാക്കിയത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്റെ കാര്യത്തില്‍ ലോകത്തെ പത്താമത്തെ വലിയ ഓഹരി വിപണിയാകാന്‍ ഇത് ബിഎസ്ഇയെ സഹായിച്ചു.

Comments

comments

Categories: Slider, Top Stories