യുപിയില്‍ കോണ്‍ഗ്രസ്-എസ് പി സഖ്യസാധ്യത പൊളിയുന്നു

യുപിയില്‍  കോണ്‍ഗ്രസ്-എസ് പി സഖ്യസാധ്യത പൊളിയുന്നു

ലക്‌നൗ: യുപിയില്‍ ഭരണപാര്‍ട്ടിയായ സമാജ്‌വാദിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതയ്ക്കു മങ്ങല്‍ വീണതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച അഖിലേഷ് പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസിന്റ് സിറ്റിംഗ് സീറ്റിലേക്കും എസ്പിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് 120-125 സീറ്റുകളാണ്. എന്നാല്‍ 84-84 സീറ്റുകളാണ് എസ്പി വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമേ അമേഠി, ലക്‌നൗ സീറ്റുകളില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇരുവിഭാഗവും ഒത്തുതീര്‍പ്പിലെത്തിയതുമില്ല. അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിയുമായി (ആര്‍എല്‍ഡി) സഖ്യത്തിലേര്‍പ്പെടുന്ന കാര്യത്തെച്ചൊല്ലിയും ഇരുവിഭാഗവും തമ്മില്‍ അകല്‍ച്ചയുണ്ട്.
ആര്‍എല്‍ഡിയുമായി സഖ്യസാധ്യത തള്ളി വ്യാഴാഴ്ച എസ്പി രംഗത്തുവന്നിരുന്നു. മാത്രമല്ല, യുപിയിലെ 403 അംഗ നിയമസഭാ മണ്ഡലത്തില്‍ 300 സീറ്റുകളില്‍ എസ്പി മത്സരിക്കുമെന്നും ബാക്കിയുള്ള 103 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനു സീറ്റ് നല്‍കാമെന്നുമായിരുന്നു ധാരണ. എന്നാല്‍ കോണ്‍ഗ്രസുമായി അടുപ്പമുള്ള ആര്‍എല്‍ഡി, എസ്പി രൂപീകരിക്കുന്ന സഖ്യത്തില്‍ പങ്കാളിയാകാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അജിത് സിങ്ങിന്റെ മകന്‍ ജയന്ത് ചൗധരി. ഈ ബന്ധം എസ്പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള പാലമാകുമെന്നും കരുതിയിരുന്നു. എന്നാല്‍ ഈ ധാരണ എസ്പിക്കു സ്വീകാര്യമല്ലെന്നാണ് റിപ്പോര്‍ട്ട്.
എസ്പി വെള്ളിയാഴ്ച പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാവും മുലായം ചേരിയില്‍ നിലയുറപ്പിക്കുകയും ചെയ്ത ശിവ്പാല്‍ യാദവിന്റെ പേര് ഇടം പിടിച്ചു. ജസ്വന്ത് നഗറില്‍നിന്നാണ് അദ്ദേഹം മത്സരിക്കുക. 191 പേരുടെ പട്ടികയാണ് എസ്പി വെള്ളിയാഴ്ച പുറത്തുവിട്ടത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായിട്ടാണു നടക്കുന്നത്. ഫെബ്രുവരി 11നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. 73 മണ്ഡലങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ്. അവസാന ഘട്ട തെരഞ്ഞെടുപ്പ് മാര്‍ച്ച് എട്ടിന് നടക്കും. ഫലം 13നു പുറത്തുവരും.

Comments

comments

Categories: Slider, Top Stories