പത്ത് ലക്ഷത്തിന് മുകളിലെ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം: കേന്ദ്ര സര്‍ക്കാര്‍

പത്ത് ലക്ഷത്തിന് മുകളിലെ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം: കേന്ദ്ര സര്‍ക്കാര്‍

 
ന്യൂഡെല്‍ഹി: ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതില്‍ കൂടുതലോ എക്കൗണ്ടുകളിലായി ആകെ പത്ത് ലക്ഷം രൂപയോ അതില്‍ കൂടുതലോ പണം നിക്ഷേപിക്കുന്ന വ്യക്തികളുടെ എക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കറന്റ് എക്കൗണ്ടുകള്‍ക്കോ സ്ഥിര നിക്ഷേപങ്ങള്‍ക്കോ ഇത് ബാധകമല്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്.

2016 നവംബര്‍ 9 നും ഡിസംബര്‍ 30 നുമിടയില്‍ ഒരു വ്യക്തിയുടെ ഒന്നോ അതില്‍ കൂടുതലോ കറന്റ് എക്കൗണ്ടുകളില്‍ ആകെ പന്ത്രണ്ടര ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷ് ഡിപോസിറ്റ് നടത്തിയവരുടെയും കറന്റ് എക്കൗണ്ടിലല്ലാതെ ഒന്നോ അതില്‍ കൂടുതലോ എക്കൗണ്ടുകളില്‍ ആകെ രണ്ടര ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിച്ചവരുടെയും വിവരങ്ങളും ബാങ്കുകള്‍ നല്‍കണം.

കൂടാതെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനും നവംബര്‍ 9 നുമിടയില്‍ സംശയാസ്പദമായ പണമിടപാടുകള്‍ നടത്തിയ എക്കൗണ്ടുടമകളുടെ വിശദാംശങ്ങളും ലഭ്യമാക്കണം. തപാല്‍ ഓഫീസുകളും എക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ ഫയല്‍ ചെയ്യണം. വിശദാംശങ്ങള്‍ ഈ മാസം 31 നകം നികുതി അധികൃതരെ അറിയിക്കണമെന്നാണ് വിജ്ഞാപനം നിര്‍ദ്ദേശിക്കുന്നത്.

മാത്രമല്ല, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആകെ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ കാഷ് പെയ്‌മെന്റ് നടത്തുന്നതും ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തീര്‍ക്കുന്നതിന് ചെക്ക്, ഇ-ട്രാന്‍സ്ഫര്‍ തുടങ്ങി ഏതുമാര്‍ഗ്ഗങ്ങളിലൂടെയും പത്ത് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള പെയ്െമന്റുകളും റിപ്പോര്‍ട്ട് ചെയ്യണം. ആകെ പത്ത് ലക്ഷം രൂപയോ അതില്‍ കൂടുതലോ ചെലവഴിച്ച് ട്രാവലേഴ്‌സ് ചെക്ക്, ഫോറെക്‌സ് കാര്‍ഡ് തുടങ്ങിയവ വാങ്ങുന്ന വ്യക്തികളെയും ചൂണ്ടിക്കാണിക്കണം.

കൂടാതെ മുപ്പത് ലക്ഷമോ അതില്‍ കൂടുതലോ തുക ചെലവഴിച്ച് സ്ഥാവര വസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ നികുതി അധികൃതരെ രജിസ്ട്രാര്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിനായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് പ്രത്യേക ഇ-പ്ലാറ്റ്‌ഫോം സജ്ജമാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles