മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗസ്മനെ യുഎസിനു കൈമാറി

മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ ചാപ്പോ ഗസ്മനെ യുഎസിനു കൈമാറി

ന്യൂയോര്‍ക്ക്: കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്‍ ജോക്വിന്‍ എല്‍ ചാപ്പോ ഗസ്മനെ വ്യാഴാഴ്ച മെക്‌സിക്കോ യുഎസിനു കൈമാറി. മെക്‌സിക്കോയിലെ സിയുഡാഡ് ജുവാരസിലുള്ള യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഏജന്റസിനാണ് കൈമാറിയത്. ഇവര്‍ എല്‍ ചാപ്പോയുമായി ന്യൂയോര്‍ക്കിലേക്ക് പറന്നു.
എല്‍ ചാപ്പോയെ കഴിഞ്ഞ വര്‍ഷം യുഎസിനു കൈമാറാന്‍ മെക്‌സിക്കോ സമ്മതിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആ നീക്കത്തിന് തടയിടുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച, മെക്‌സിക്കന്‍ കോടതിയാണു എല്‍ ചാപ്പോയെ യുഎസിനു കൈമാറാന്‍ അനുമതി നല്‍കിയത്.
എല്‍ ചാപ്പോയെ യുഎസ്സിനു കൈമാറാനുള്ള തീരുമാനം ഒബാമയ്ക്കുള്ള യാത്രയയപ്പ് സമ്മാനമാണെന്നു മെക്‌സിക്കോയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി മെക്‌സിക്കോ കേന്ദ്രമാക്കി ആഗോള മയക്കുമരുന്ന് മാഫിയയുടെ തലവനായി വാണിരുന്ന എല്‍ ചാപ്പോയ്‌ക്കെതിരേ നിരവധി കേസുകള്‍ മെക്‌സിക്കോയിലും അമേരിക്കയിലുമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. അതീവ സുരക്ഷയുള്ള തടവറയില്‍ കഴിയവേ, രണ്ട് തവണ ജയില്‍ ചാടിയ ചരിത്രവുമുണ്ട്. രണ്ടും സാഹസിക രീതിയിലുള്ളവയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണു എല്‍ ചാപ്പോയെ പിടികൂടിയത്. തുടര്‍ന്ന് ആറ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍, സെന്‍ട്രല്‍ മെക്‌സിക്കോയിലുള്ള അതീവ സുരക്ഷാ സംവിധാനമുള്ള തടവില്‍ കഴിയവേ, ജയിലിനുള്ളില്‍നിന്നും കിലോമീറ്ററുകള്‍ നീളമുള്ള തുരങ്കമുണ്ടാക്കി അദ്ദേഹം ജയിലില്‍നിന്നും രക്ഷപ്പെട്ടിരുന്നു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണു മെക്‌സിക്കോ എല്‍ ചാപ്പോയെ കൈമാറിയത്. യുഎസുമായി, പ്രത്യേകിച്ച് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ മെക്‌സിക്കോയുടെ അറ്റോര്‍ണി ജനറല്‍ ഓഫീസ് തള്ളിക്കളഞ്ഞു.
59-കാരനായ എല്‍ ചാപ്പോയ്‌ക്കെതിരേ യുഎസില്‍ അഞ്ച് കോടതിയുടെ അധികാര അതിര്‍ത്തിയില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ കോടതികളിലെ വിചാരണ നടപടി പൂര്‍ത്തിയാകുമ്പോള്‍
എല്‍ ചാപ്പോയ്ക്ക് ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയാനുള്ളത്രയും ശിക്ഷ ലഭിക്കുമെന്ന കാര്യവും ഉറപ്പാണ്. വെള്ളിയാഴ്ച ബ്രൂക്ക്‌ലിനിലുള്ള ഫെഡറല്‍ കോടതിയില്‍ എല്‍ ചാപ്പോയെ ഹാജരാക്കി.

Comments

comments

Categories: World