ട്രംപ് ഭരണത്തിന് തുടക്കം

ട്രംപ് ഭരണത്തിന് തുടക്കം

അനുദിന ജീവിതത്തില്‍ രാഷ്ട്രീയത്തിനു ഭൂരിഭാഗം ജനങ്ങളും പ്രാധാന്യം കൊടുക്കാറില്ലെന്നൊണ് പ്രമുഖ ബ്രിട്ടീഷ് അക്കാദമീഷ്യന്‍ ഡേവിഡ് റങ്കിമാന്‍ ഒരിക്കല്‍ പറഞ്ഞത്. ഈ വാദത്തിനോട് എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും നിരവധിയുണ്ടെന്നതു മറ്റൊരു കാര്യം. പക്ഷേ, ജനുവരി 20നു യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ രാഷ്ട്രീയത്തിന് പ്രാധാന്യം കല്പിക്കുന്നുണ്ടെന്ന വാദം ബലപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാന്‍.

ട്രംപ് പ്രസിഡന്റായതിനു ശേഷം എന്തൊക്കെയായിരിക്കും ചെയ്യാന്‍ പോവുക എന്നതിനെ കുറിച്ച് അമേരിക്കന്‍ വോട്ടര്‍മാര്‍ക്കോ, ലോകത്തിനോ യാതൊരു ധാരണയുമില്ല. ട്രംപിനെ പിന്തുണയ്ക്കുന്നവര്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ഭരണത്തിലൂടെ അമേരിക്കയ്ക്കു വലിയൊരു ഉത്തേജനം ലഭിക്കുമെന്നാണ്. മറുവശത്ത് അദ്ദേഹത്തിന്റെ എതിരാളികള്‍ ആശങ്കയിലുമാണ്. എന്നാല്‍ ഒരു കാര്യത്തില്‍ എല്ലാവരും സമാനഅഭിപ്രായക്കാരുമാണ്. അമേരിക്കന്‍ ചരിത്രം ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഭരണകാലയളവായിരിക്കും ട്രംപിന്റേതെന്നതാണ് അത്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള നാളുകള്‍, ഭരണചക്രം തിരിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്ത ടീമംഗങ്ങള്‍, അതിനു മുന്‍പ് പ്രോപ്പര്‍ട്ടി ഡവലപ്പറും ടിവി അവതാരകനുമായി ചെലവഴിച്ച ദിനങ്ങള്‍ ഇത്രയുമൊക്കെ മതി ട്രംപിന്റെ ഭരണം എപ്രകാരമായിരിക്കുമെന്നു വിലയിരുത്താന്‍. ഭരണകാലയളവില്‍ ട്രംപ് സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ ഈ മാറ്റങ്ങളൊക്കെ ഗുണകരമായിട്ടാണോ ദോഷകരമായിട്ടാണോ ഭവിക്കുകയെന്നതാണു ചോദ്യം.
നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം മുതല്‍ എസ്&പി 500 സൂചിക ആറ് ശതമാനമാണു കുതിച്ചുകയറിയത്. ഇത് റെക്കോഡ് വര്‍ധനയായിരുന്നു. ട്രംപിന്റെ വിജയം ബിസിനസ് മേഖലയ്ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ട്രംപ് ഭരണത്തിലേറുമ്പോള്‍ കോര്‍പറേറ്റ് നികുതി വെട്ടിച്ചുരുക്കുമെന്നും അതുവഴി മുന്‍നിര കമ്പനികള്‍ക്കു നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന വിശ്വാസം ബലപ്പെട്ടു. ഇതാണു സൂചിക മുന്നേറാന്‍ കാരണമായത്. ട്രംപിന്റെ ഭരണത്തില്‍, അടിസ്ഥാനസൗകര്യ വികസനത്തിലുള്ള നിക്ഷേപത്തോടൊപ്പം ആഭ്യന്തരതലത്തില്‍ പണം ചെലവഴിക്കുന്ന പ്രവണത ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നതോടെ സാമ്പത്തികരംഗം ഉത്തേജിക്കപ്പെടുമെന്നും ബിസിനസ് സമൂഹം വിശ്വസിക്കുന്നു. പക്ഷേ നികുതി വെട്ടിച്ചുരുക്കലും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍തോതില്‍ നിക്ഷേപിക്കാനുള്ള തീരുമാനവും ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കിയില്ലെങ്കില്‍ ഭവിഷ്യത്ത് വലുതായിരിക്കും. അതുപോലെ വ്യാപാരരംഗത്ത് ചൈന, ജര്‍മനി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി ട്രംപ് തര്‍ക്കത്തിലേര്‍പ്പെടുകയാണെങ്കില്‍ അമേരിക്കയ്ക്കു തന്നെ ഹാനികരമായി മാറുമെന്നാണു സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ആഗോള സാമ്പത്തികരംഗത്തെ അവമതിപ്പോടെയാണ് ട്രംപ് വിലയിരുത്തിയത്. ഇതു പോലെയാണ് ട്രംപ് ഭൗമരാഷ്ട്രീയത്തെയും വീക്ഷിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്നതിനു മുന്‍പു തന്നെ പതിറ്റാണ്ടുകളായി യുഎസ് പിന്തുടര്‍ന്നു പോന്നിരുന്ന വിദേശനയങ്ങള്‍ അദ്ദേഹം ഉപേക്ഷിച്ചു. യൂറോപ്യന്‍ യൂണിയന്റെ മൂല്യത്തെ കുറച്ചുകാണുന്ന രീതിയില്‍ സംസാരിച്ചു. സ്ഥിരതയും പുരോഗതിയും കൈവരിക്കാനുള്ള ഏറ്റവും വലിയ സ്രോതസ്സായിട്ടാണു മുന്‍കാല യുഎസ് പ്രസിഡന്റുമാര്‍ യൂറോപ്യന്‍ യൂണിയനെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കം ട്രംപ് കീഴ്‌മേല്‍ മറിച്ചു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷികളിലൊന്നായ ജര്‍മനിയുടെ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനെ, യുഎസിന്റെ എക്കാലത്തെയും ശത്രുവായ റഷ്യയുടെ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനുമായി ട്രംപ് താരതമ്യപ്പെടുത്തി. അമേരിക്കയുടെ അയല്‍രാജ്യമാണു മെക്‌സിക്കോ. ഈ രാജ്യം അഭിവൃദ്ധിപ്പെടുന്നത് ഏറ്റവുമധികം ഗുണം ചെയ്യുക അമേരിക്കയുടെ ദക്ഷിണ സംസ്ഥാനങ്ങള്‍ക്കാണ്. വസ്തുത ഇതായിരിക്കവേ, മെക്‌സിക്കോ എന്ന രാജ്യത്തോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിഷ്ഠൂരമായി ട്രംപ് പെരുമാറി. ഇതിനു പുറമേ, വളര്‍ന്നുവരുന്ന ശക്തിയായ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കും വിധം പ്രസ്താവനകളിറക്കാനും ട്രംപ് മുതിര്‍ന്നു. ദക്ഷിണ ചൈന കടലിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിലെത്തണമെന്നാണു യുഎസ് ആഗ്രഹിക്കുന്നതെങ്കില്‍ ചൈനയുമായി സൗമ്യതയിലെത്താനാണ് ട്രംപ് ആദ്യം ശ്രമിക്കേണ്ടത്. കാരണം, ഈ വിഷയത്തില്‍ മറ്റൊരു ലോക ശക്തി ഇടപെടാനില്ലെന്നതാണു വാസ്തവം. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ട്രംപ് ചൈനയോട് വിദ്വേഷം നിറഞ്ഞ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.
രാജ്യങ്ങളുമായി പുലര്‍ത്തേണ്ടുന്ന നയതന്ത്രം, ബിസിനസ് കരാറിലേര്‍പ്പെടുന്നതു പോലെയാണെന്ന് ട്രംപ് തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. ആദ്യം ആക്രമണകരമായി പെരുമാറുക, പിന്നീട് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുക, ഇതുവഴി ഏര്‍പ്പെടുന്ന ഇടപാട് അനുകൂലമാക്കുക എന്നതാണല്ലോ ബിസിനസ് രീതി. ട്രംപിന്റെ നയതന്ത്രവും ഇത്തരത്തിലുള്ളതാണെന്ന സംശയം ബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories