ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ്

ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ്

 

ബെയ്ജിംഗ്: രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി 2016 ന്റെ അവസാന പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ്. സാമ്പത്തികസ്ഥിരത ഊട്ടിയുറപ്പിക്കുന്നതിനും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കും ചൈനീസ് ഭരണനേതൃത്വത്തെ സഹായിക്കുന്നതാണ് സമ്പദ് വ്യവസ്ഥയിലെ ഈ തിളക്കം. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയുമായുള്ള ‘വ്യാപാര യുദ്ധ’ത്തെ പ്രതിരോധിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ ഭദ്രമായ നില ചൈനയ്ക്ക് സഹായകരമാണ്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 6.8 ശതമാനം വര്‍ധിച്ചു. എന്നാല്‍ സാമ്പത്തിക വര്‍ഷത്തെ 6.7 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് 1990 നുശേഷം ഏറ്റവും താഴ്ന്നതാണ്. അതേസമയം 6.5 നും 7 ശതമാനത്തിനുമിടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന ഔദ്യോഗിക നിഗമനത്തെ ഈ കണക്ക് സാധൂകരിക്കുന്നു.

വളര്‍ന്നുവരുന്ന സമ്പന്ന മധ്യവര്‍ഗത്തിന്റെ ഉപഭോഗം കാര്യമായി വര്‍ധിച്ചതാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്ത് പകര്‍ന്നത്. ഇത് പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു. ഉല്‍പ്പാദനമേഖല ശക്തി പ്രാപിച്ചതും വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതും കേന്ദ്ര ബാങ്ക് സന്തുലിത ധനനയത്തിലേക്ക് തിരിയുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അമിതമായ കടബാധ്യതയാണ് സാമ്പത്തികപരിവര്‍ത്തനത്തിന് ചൈനയുടെ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ ചില്ലറ വില്‍പ്പന 10.9 ശതമാനം വര്‍ധിച്ചു. ഇത് 10.7 ശതമാനമെന്ന നിഗമനത്തെ കടത്തിവെട്ടുന്നതായി. മാത്രമല്ല, 2016 വര്‍ഷത്തെ മികച്ച റീട്ടെയ്ല്‍ വില്‍പ്പനയാണ് ഡിസംബര്‍ പാദത്തില്‍ പ്രകടമായത്. മുന്‍വര്‍ഷ കാലയളവിനേക്കാള്‍ 2016 ഡിസംബര്‍ പാദത്തില്‍ വ്യാവസായികോല്‍പ്പാദനം ആറ് ശതമാനം വര്‍ധിച്ചു. ഇക്കാര്യത്തില്‍ വളര്‍ച്ചാ നിഗമനം 6.1 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയെ ഒഴിവാക്കിയുള്ള ഫിക്‌സ്ഡ് അസ്സറ്റ് ഇന്‍വെസ്റ്റ്‌മെന്റ് 2016 വര്‍ഷത്തിലൊന്നാകെ 8.1 ശതമാനം വര്‍ധിച്ചു.

ചൈനയുടെ പരമ്പരാഗത വളര്‍ച്ചാ ഘടകങ്ങളായ നിക്ഷേപ-കയറ്റുമതി മേഖലകള്‍ തളര്‍ച്ച നേരിട്ടെങ്കിലും രാജ്യത്തെ സ്വകാര്യ ഉപഭോഗം വര്‍ധിച്ചതാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമായതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വളര്‍ച്ചാ പ്രവണത ഹ്രസ്വകാലത്തേക്ക് തുടരുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Slider, Top Stories