യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന് വേഗത പോര

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റത്തിന് വേഗത പോര

 

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ അവസാനം വരെയുളള കാലയളവില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണ ശ്രമങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്നതായി ഫെഡറല്‍ റിസര്‍വിന്റെ പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഭൂരിപക്ഷം പ്രദേശങ്ങളിലും സാമ്പത്തിക വികസന ശ്രമങ്ങളില്‍ മാന്ദ്യം തുടര്‍ന്നേക്കുമെന്ന സൂചനയാണ് 12 ഫെഡറല്‍ റിസര്‍വ് ജില്ലകളിലായി നടത്തിയ സര്‍വെ വ്യത്തമാക്കുന്നത്.
2017ലെ വളര്‍ച്ച സംബന്ധിച്ച് രാജ്യത്തെ സംരംഭങ്ങളും വ്യാവസായിക മേഖലകളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. റീട്ടെയ്ല്‍ രംഗത്തെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിട്ടുള്ളതായാണ് മിക്ക ജില്ലകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്. ഉല്‍പ്പാദന മേഖലയിലെ വില്‍പ്പനയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷനും വില്‍പ്പനയും സംബന്ധിച്ച് സമ്മിശ്രങ്ങളായ പ്രതികരണങ്ങളാണ് ലഭിച്ചത്.
വേതനത്തിലുള്ള വര്‍ധന മന്ദഗതിയിലായതിന്റെ ഫലമായി ലേബര്‍ മാര്‍ക്കറ്റില്‍ പ്രതിസന്ധി തുടരുന്നതായാണ് ഫലം. തൊഴില്‍ വിപണിയിലെ ഈ സാഹചര്യങ്ങള്‍ വിലയിലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് സമ്പദ്‌വ്യവസ്ഥ പൂര്‍ണ തൊഴില്‍ ശേഷി കൈവരിക്കുന്നതിലേക്ക് അടുക്കുകയാണെന്നും കേന്ദ്ര ബാങ്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തുമെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍ പേഴ്‌സണ്‍ ജാനെറ്റ് യെല്ലന്‍ പറഞ്ഞു. ക്രമാനുഗതമായി ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതിലേക്ക് ഇതു നയിക്കുമെന്നും ജാനെറ്റ് നിരീക്ഷിച്ചു.

Comments

comments

Categories: Business & Economy, Slider