കേന്ദ്ര ബാങ്കിന്റെ വിശ്വാസ്യതയ്ക്കായി തീഷ്ണതയോടെ പ്രവര്‍ത്തിക്കണം: ഉര്‍ജിത് പട്ടേല്‍

കേന്ദ്ര ബാങ്കിന്റെ വിശ്വാസ്യതയ്ക്കായി തീഷ്ണതയോടെ പ്രവര്‍ത്തിക്കണം: ഉര്‍ജിത് പട്ടേല്‍

 

മുംബൈ: കേന്ദ്ര ബാങ്കിന്റെ വിശ്വസ്യത കാത്തുസൂക്ഷിക്കുന്നതിന് ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ആര്‍ബിഐ യുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപ്പെടല്‍ നടത്തുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആരോപണത്തില്‍ ആര്‍ബിഐ ജീവനക്കാര്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിന്റെ സ്വത്വത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ബാങ്കിന്റെ പ്രസക്തിയും വിശ്വാസ്യതയും എല്ലാവരും നിഷ്ഠയോടെ കാത്തുസൂക്ഷിക്കണമെന്നും, ഇത് നിസാരമായി കാണുന്ന ഏതെങ്കിലും തരത്തിലുള്ള സമീപനങ്ങള്‍ സഹിഷ്ണുത അര്‍ഹിക്കുന്നതല്ലെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. ആര്‍ബിഐ ഗവര്‍ണറായി അധികാരമേറ്റ ശേഷം ആദ്യമായി കേന്ദ്ര ബാങ്ക് ജീവനക്കാരെ അഭിസംബോധന ചെയ്ത് അയച്ച ഇ-മെയ്‌ലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വെല്ലുവിളികളെ നേരിടാനാകുമെന്നതില്‍ ആത്മവിശ്വസമുണ്ടെന്നു ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയില്‍ വിപുലമായ സാമ്പത്തിക സ്ഥിരത ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും, നിലവിലുള്ള നയപരിഷ്‌കരണങ്ങള്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ പരിസ്ഥിതിക്ക് ചേരുന്ന തരത്തില്‍ പുരോഗതിയിലേക്കുള്ള പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കേണ്ടതുണ്ടെന്നും ഉര്‍ജിത് പട്ടേല്‍ പറയുന്നു. കേന്ദ്ര ബാങ്കിന്റെ അധികാരങ്ങളില്‍ കേന്ദ്രം ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞയാഴ്ച ആര്‍ബിഐ ജീവനക്കാര്‍ ഉര്‍ജിത് പട്ടേലിന് കത്തയച്ചിരുന്നു.

Comments

comments

Categories: Slider, Top Stories