ഇനി ട്രംപ് യുഗം

ഇനി ട്രംപ് യുഗം

എല്ലാ കണ്ണുകളും അമേരിക്കയിലേക്ക്. ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ 45ാം പ്രസിഡന്റായി ഇന്നു ചുമതലയേല്‍ക്കും. അമേരിക്കയുടെ പ്രാദേശിക സമയം ഉച്ചയ്ക്കു 12 മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന്) വാഷിംഗ്ടണിലുള്ള ക്യാപിറ്റോള്‍ ബില്‍ഡിംഗിലാണ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിക്കുക. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. ട്രംപിനു ശേഷം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സും പ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. തുടര്‍ന്ന് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.

പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പങ്കെടുക്കണമെന്നതാണു കീഴ്‌വഴക്കം. എന്നാല്‍ ഇത് നിര്‍ബന്ധമല്ല. പക്ഷേ, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒബാമ പങ്കെടുത്തില്ലെങ്കില്‍, 96 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അത്തരം സംഭവം. മുന്‍പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന്‍, ജിമ്മി കാര്‍ട്ടര്‍ ഇവരുടെ ഭാര്യമാരായ ലോറ ബുഷ്, ഹിലരി ക്ലിന്റന്‍, റോസ്ലിന്‍ കാര്‍ട്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു കണക്കാക്കുന്നത്.
ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു കഴിഞ്ഞാലുടന്‍ ഒബാമയ്ക്കുള്ള യാത്രയയപ്പ് ചടങ്ങ് നടക്കും. തുടര്‍ന്നു പരമ്പരാഗത രീതിയിലുള്ള വിരുന്ന് സത്കാരം. ക്യാപിറ്റോള്‍ ബില്‍ഡിംഗ് മുതല്‍ വൈറ്റ്ഹൗസ് വരെയുള്ള പെന്‍സല്‍വാനിയ അവന്യുവിലൂടെ ട്രംപിന്റെ വാഹനവ്യൂഹത്തിന്റെ ഘോഷയാത്രയും ഇതോടൊപ്പം നടക്കും. അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ആദ്യ 100 ദിനങ്ങള്‍ എപ്രകാരമായിരിക്കും ? Make America Great Again എന്നതായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യം. യുഎസ് പ്രസിഡന്റായി ചുമതലയേറ്റു കഴിഞ്ഞാല്‍ പ്രചാരണത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ട്രംപ് നടപ്പിലാക്കുമോ ? പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നയാള്‍ വോട്ടര്‍മാര്‍ക്കു മുന്‍പിലൊരു വിഷന്‍ അവതരിപ്പിക്കുക എന്നത് അമേരിക്കയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളായി കാണപ്പെടുന്ന ഒരു കീഴ്‌വഴക്കമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രചാരണത്തിനിടെ ഗെറ്റിസ്ബര്‍ഗില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍, ട്രംപ് പറഞ്ഞത്. താന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ആദ്യ ദിനം മുതല്‍ അമേരിക്കന്‍ ജനതയ്ക്കു നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു.
ആരോഗ്യരംഗത്ത് ഒബാമ നടപ്പിലാക്കിയ ആരോഗ്യരക്ഷാ പദ്ധതിയായ ഒബാമ കെയര്‍ പിന്‍വലിക്കല്‍, കുടിയേറ്റ വിഷയത്തില്‍ ഒബാമ പുറപ്പെടുവിച്ച എക്‌സിക്യൂട്ടിവ് ഉത്തരവുകള്‍ റദ്ദ് ചെയ്യല്‍, അമേരിക്കയുടെ ദക്ഷിണ അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കല്‍, അനധികൃതമായി രാജ്യത്ത് താമസിക്കുന്ന കുറ്റവാളികളായ കുടിയേറ്റക്കാരെ പുറത്താക്കല്‍ തുടങ്ങിയവയായിരുന്നു അധികാരമേറ്റാല്‍ ഉടന്‍ നടപ്പിലാക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍ ചിലത്.
ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കുള്ള ആശങ്കയും നിസാരമല്ല. ട്രംപിന്റെ ഭരണകാലയളവില്‍ ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അതൊടൊപ്പം യുഎസില്‍ ജോലി ആവശ്യത്തിനായി സെറ്റില്‍ ചെയ്തിരിക്കുന്ന ഇന്ത്യന്‍ വംശജരുടെ അവസ്ഥ എന്താകുമെന്ന ചോദ്യവും സജീവമാണ്. ട്രംപിന്റെ protectionist measure( സംരക്ഷണ വാദം) ഇന്ത്യന്‍ വംശജരെ ബാധിക്കുമോ ? ഈ വാദത്തിന്റെ കെടുതി അനുഭവിക്കുന്നത് ഔട്ട്‌സോഴ്‌സിംഗ് മേഖലയായിരിക്കുമോ ? ചോദ്യങ്ങള്‍ നിരവധിയാണ്.
ട്രംപിന്റെ പശ്ചിമേഷ്യന്‍ വിദേശനയങ്ങള്‍ ഒബാമയില്‍നിന്നും വ്യത്യസ്തമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇറാനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ട്രംപ്. ഇങ്ങനെ വരികയാണെങ്കില്‍ ഇന്ത്യയ്ക്ക് ഇറാന്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്നത് തടസപ്പെടും. മാത്രമല്ല, ഇറാനുമായി സഹകരിച്ചു നിര്‍മിക്കുന്ന ചാബഹാര്‍ തുറമുഖത്തിന്റെ ഭാവിയും ഇരുളടഞ്ഞതാകും. ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിലേക്കു പുതിയ വ്യാപാര ഇടനാഴി തുറന്നു കൊടുക്കുന്നതാണു ചാബഹാര്‍ തുറമുഖ പദ്ധതി. ഈ പദ്ധതിക്ക് ഇടിവ് വന്നാല്‍ സൗത്ത് ഏഷ്യയിലെ വ്യാപാരത്തിന്റെ തോത് കുറയും.
പാകിസ്ഥാനോട് ട്രംപ് സ്വീകരിക്കാന്‍ പോകുന്ന നയമെന്തായിരിക്കുമെന്നതാണ് ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്നത്. യുഎസ് പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന നിലപാട് തന്നെയായിരിക്കുമോ അതോ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടിനെ എതിര്‍ക്കുമോ ? ട്രംപിന്റെ നിലപാട് മുസ്ലിം,ന്യൂനപക്ഷ വിരുദ്ധമാണെന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ അദ്ദേഹം തെളിയിച്ചതാണ്. പക്ഷേ, അഫ്ഗാനില്‍ സൈനിക വിന്യാസം നടത്തിയിരിക്കുന്ന യുഎസിനു പാകിസ്ഥാന്റെ സഹായം ആവശ്യമാണെന്നതു മറ്റൊരു വസ്തുത.

Comments

comments

Categories: Trending, World