യുവരാജിനും ധോണിക്കും തകര്‍പ്പന്‍ സെഞ്ച്വറി

യുവരാജിനും ധോണിക്കും തകര്‍പ്പന്‍ സെഞ്ച്വറി

 

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് സീനിയര്‍ താരങ്ങളായ യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും. ഇരുവരും ടീം ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടി. യുവരാജ് സിംഗ്, എംഎസ് ധോണി എന്നിവര്‍ യഥാക്രമം 150, 134 റണ്‍സ് വീതമാണ് സ്വന്തമാക്കിയത്.

വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ടീ ഇന്ത്യയില്‍ തിരിച്ചെത്തിയ യുവരാജ് സിംഗ് 127 പന്തുകളില്‍ നിന്നും 21 ബൗണ്ടറികളും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു 150 റണ്‍സ് നേടിയത്. ഇതോടെ കരിയറില്‍ പതിനാല് ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കിയ യുവരാജ് സിംഗ് 2011ന് ശേഷം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയായിരുന്നു ഇത്. കരിയറിലെ യുവരാജ് സിംഗിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതായിരുന്നു.

അതേസമയം, 122 പന്തുകളില്‍ നിന്നായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള പരമ്പരയിലെ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്നിംഗ്‌സ്. ആറ് സിക്‌സും പത്ത് ഫോറുകളും എംഎസ് ധോണി നേടി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മഹേന്ദ്ര സിംഗ് ധോണി ഏകദിന ക്രിക്കറ്റില്‍ നിന്നും ശതകം പൂര്‍ത്തിയാക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള യുവ ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ നിന്നായിരുന്നു യുവരാജ് സിംഗും എംഎസ് ധോണിയും ടീം ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. യുവരാജ് സിംഗിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും മികവില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 381 റണ്‍സാണ് നേടിയത്.

യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്ന നാലാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്തത് 38.2 ഓവറില്‍ 256 റണ്‍സായിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ കൂട്ടുകെട്ട് കൂടിയാണിത്. സീനിയര്‍ താരങ്ങളായ യുവരാജിന്റെയും ധോണിയുടേയും ടീം ഇന്ത്യയിലെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇരുവരും അസാമാന്യ മികവ് പുറത്തെടുത്തത്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇരു താരങ്ങളും കുറഞ്ഞ റണ്‍സിന് പുറത്തായിരുന്നു. ടീം ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ഉമേഷ് യാദവ്, മനീഷ് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ യഥാക്രമം 5, 11, 8, 22, 19, 16 റണ്‍സ് വീതവും സ്‌കോര്‍ ചെയ്തു.

Comments

comments

Categories: Slider, Sports