സാമ്പത്തിക രേഖകളില്‍ ക്രമക്കേട് നന്നതായി ചൈന

സാമ്പത്തിക രേഖകളില്‍ ക്രമക്കേട് നന്നതായി ചൈന

 

ബെയ്ജിംഗ് : 2011-2014 കാലയളവില്‍ പ്രാദേശിക അധികൃതര്‍ സാമ്പത്തിക രേഖകളില്‍ കൃത്രിമം കാണിച്ചതായി ചൈനീസ് പ്രവിശ്യയായ ലിയോണിംഗിന്റെ ഗവര്‍ണര്‍ സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിയോണിംഗ് പ്രവിശ്യയിലെ പല നഗരങ്ങളും കൗണ്ടികളും സാമ്പത്തിക കണക്കുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചൈനീസ് സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച സ്ഥിതിവിവരകണക്കുകളുടെ വിശ്വാസ്യതയും സംശയത്തിലായിരിക്കുകയാണ്. 2016ലെ ജിഡിപി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പാണ് ചൈന പുറത്തുവിട്ടത്.
ചൈനീസ് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സ്ഥിതിവിവരകണക്കുകള്‍ വിശകലന വിദഗ്ധര്‍ നിരന്തരം ചോദ്യം ചെയ്തിരുന്നു. ലിയോണിംഗ് പ്രവിശ്യയിലെ കണക്കുകള്‍ പെരുപ്പിച്ചുകാണിക്കുകയാണെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ വരെ ആരോപിച്ചിരുന്നു. ലിയോണിംഗ് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ 2015 മുതല്‍ മാന്ദ്യം നേരിടുകയാണെന്ന് ഇഎഫ്ഇ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ക്രമക്കേടുകളും അഴിമതിയും നടത്തിയതിന് ലിയോണിംഗ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായിരുന്ന വാങ് മിന്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. 2009-2015 കാലയളവില്‍ പ്രവിശ്യാ മേധാവിയായിരുന്ന വാങിനെ കഴിഞ്ഞ ഒക്‌റ്റോബറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
സാമ്പത്തിക വരുമാന കണക്കുകള്‍ ഉള്‍പ്പെടെയുള്ള സൂചികകളില്‍ നാഷണല്‍ ഓഡിറ്റ് ഓഫീസ് കൃത്രിമം നടത്തിയിട്ടുണ്ടെന്ന് 2015ല്‍ ലിയോണിംഗ് ഗവര്‍ണറായ ചെന്‍ ക്യുഫ നിയമസഭയെ അറിയിച്ചു. വ്യാജ സാമ്പത്തിക കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നിഗമങ്ങളെ സ്വാധീനിച്ചതായും പ്രവിശ്യയ്ക്ക് ന്യായമായും ലഭിക്കേണ്ട ഫണ്ടുകള്‍ വെട്ടിച്ചുരുക്കുന്നതിന് ഇടയാക്കിയതായും ചെന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy