മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് പോഗ്ബ

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് പോഗ്ബ

 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്റെ മുന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെയെത്തിയത് ക്ലബിനോടുള്ള പ്രത്യേക താത്പര്യം കാരണമാണെന്ന് ഫ്രഞ്ച് സൂപ്പര്‍ ഫുട്‌ബോളര്‍ പോള്‍ പോഗ്ബ. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പൂര്‍ത്തീകരിക്കാന്‍ തനിക്ക് ചില ലക്ഷ്യങ്ങള്‍ ബാക്കിയുണ്ടെന്നും അതേസമയം, അവ നിര്‍വഹിക്കുക കടുത്ത വെല്ലുവിളിയായിരിക്കുമെന്നും പോള്‍ പോഗ്ബ അറിയിച്ചു.

മുമ്പ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂത്ത് ടീമില്‍ അംഗമായിരുന്ന പോള്‍ പോഗ്ബ 2012ല്‍ ക്ലബ് മാറുകയായിരുന്നു. അക്കാലത്ത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒന്നാം ടീമിന് വേണ്ടി കളിക്കാന്‍ ഏഴ് തവണ മാത്രമാണ് മിഡ്ഫീല്‍ഡറായ പോള്‍ പോഗ്ബയ്ക്ക് അവസരം ലഭിച്ചത്.

താന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ക്ലബായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡെന്നും എന്നാല്‍ കൂടുതല്‍ കളിയവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ക്ലബ് വിട്ടതെന്നും പോള്‍ പോഗ്ബ പറഞ്ഞു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പോയതിന് ശേഷം പഴയ ക്ലബിലേക്ക് എന്നെങ്കിലും തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും ഇരുപത്തിമൂന്നുകാരനായ ഫ്രഞ്ച് താരം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് പോള്‍ പോഗ്ബയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോഡിലേക്ക് തിരികെയെത്തിച്ചത്. അതേസമയം, സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ക്ലബുകളും ഫ്രഞ്ച് താരത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പോള്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറിലേര്‍പ്പെടാനാണ് തയാറായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായ ഹോസെ മൗറീഞ്ഞോ ക്ലബിനെ പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോള്‍ പോഗ്ബ പറഞ്ഞു. ഫ്രഞ്ച് താരം ക്ലബ് വിട്ടതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകരായെത്തിയ അലക്‌സ് ഫെര്‍ഗ്യൂസണ്‍, ഡേവിഡ് മോയസ്, ലൂയിസ് വാന്‍ ഗാല്‍ എന്നിവര്‍ക്ക് കീഴില്‍ ടീമിന് വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

Comments

comments

Categories: Sports