ജിയോയുടെ ഡാറ്റാ ഓഫറുകള്‍ ഉപഭോക്തൃശീലങ്ങളില്‍ മാറ്റംവരുത്തുന്നു

ജിയോയുടെ ഡാറ്റാ ഓഫറുകള്‍ ഉപഭോക്തൃശീലങ്ങളില്‍ മാറ്റംവരുത്തുന്നു

 

ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജിയോ സര്‍വീസ് ആരംഭിച്ചതിനു ശേഷം ചെറിയ കാലയളവിനുള്ളില്‍ വലിയ നിക്ഷേപമാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് വിപുലീകരണത്തിനു വേണ്ടി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ടെലികോം വിപണിയായ ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് വേരുറപ്പിക്കുന്നതിനു വേണ്ടി നാല് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചിരിക്കുന്നത്. ഭീമമായ നിക്ഷേപത്തിനു പുറമെ ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിലും കമ്പനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. നിലവില്‍ നേടിയെടുത്ത ഉപഭോക്താക്കളെ ഓഫറുകള്‍ അവസാനിപ്പിച്ചതിനു ശേഷവും ഡാറ്റാ ഉപഭോഗത്തിന് പ്രേരിപ്പിക്കാന്‍ ജിയോയ്ക്ക് സാധിച്ചാല്‍ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
സൗജന്യ ഓഫറുകള്‍ നല്‍കി ഉപഭോക്താളെ ചാക്കിട്ടുപിടിക്കുന്നതിനു ജിയോ നടത്തിയ ശ്രമങ്ങളും ഭീമമായ ചെലവിടലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള അനലിസ്റ്റുകളുടെ പ്രവചനം. ജിയോ പ്രവര്‍ത്തനങ്ങളെ ഇത് തടസപ്പെടുത്തില്ലെന്ന വിശദീകരണവും അനലിസ്റ്റുകള്‍ നല്‍കുന്നുണ്ട്. ജിയോ സര്‍വീസ് വിപുലീകരണത്തിനു വേണ്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 30,000 കോടി രൂപയുടെ റൈറ്റ് ഇഷ്യു ചെയ്യുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജിയോ യുടെ നെറ്റ്‌വര്‍ക്ക് ശേഷിയും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിനും കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കും.
ജിയോ സര്‍വീസ് ആരംഭിച്ച് നാല് മാസം പൂര്‍ത്തിയാകുമ്പോള്‍ 75 ദശലക്ഷം വരിക്കാരെ നേടാനായി എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശവാദം. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വരിക്കാരെ കണ്ടെത്തുന്ന ഇടമായി ജിയോ മാറിയെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. സൗജന്യ ഡാറ്റാ ഓഫറുകളിലൂടെയാണ് കൂടുതല്‍ വരിക്കാരിലേക്ക് എത്തിച്ചേരാന്‍ ജിയോയ്ക്ക് കഴിഞ്ഞത്. നിലവില്‍ മാര്‍ച്ച് 31 വരെയാണ് ജിയോ സൗജന്യ സേവനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ടെലികോം രംഗത്തെ മത്സരം തുടച്ചുമാറ്റാന്‍ ജിയോ ശ്രമം നടത്തുന്നുവെന്നും, ഇക്കാര്യത്തില്‍ റെഗുലേറ്ററി അതോറിറ്റിയായ ട്രായ് നിശബ്ദ കാഴ്ചക്കാരായി നിലകൊള്ളുകയാണെന്നും ആരോപിച്ച് ഭാരതി എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു.
എയര്‍ടെലിന്റെ ആശങ്ക ന്യായമാണ്. രണ്ട് പതിറ്റാണ്ടുകാലമായി ഇന്ത്യന്‍ ടെലികോം വിപണിയില്‍ അതികായന്മാരായി തുടരുന്ന എയര്‍ടെലിനെ സംബന്ധിച്ചിടത്തോളം കമ്പനിക്കെതിരെയുള്ള ആദ്യത്തെ കടന്നാക്രമണമാണ് ജിയോ നടത്തുന്നത്. അതേ സമയം സൗജന്യ ഓഫറുകളിലൂടെ ജിയോ സ്വന്തമാക്കിയ ഉപഭോക്താക്കളെ നിരക്ക് ഈടാക്കി തുടങ്ങിയാല്‍ നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്നത്. അത് ജിയോയ്ക്ക് വലിയ തിരിച്ചടിയായേക്കുമെന്നും നിക്ഷേപകര്‍ പറയുന്നു.
രാജ്യത്തെ ഉപഭോക്താക്കളുടെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്താനും കൂടുതല്‍ ഡാറ്റാ ഉപയോഗത്തിന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ജിയോയ്ക്ക് സാധിച്ചാല്‍ അത് മറ്റു ടെലികോം ഒപ്പറേറ്റര്‍മാര്‍ക്ക് ഗുണം ചെയ്യും. ഈ സാഹചര്യം മറ്റ് ടെലികോം കമ്പനികളെ ഓപ്പറേഷണല്‍ ശേഷി വര്‍ധിപ്പിക്കുന്നതിന് അധിക നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories