ആഭരണ വ്യവസായം പതിയെ കരകയറുന്നു

ആഭരണ വ്യവസായം  പതിയെ കരകയറുന്നു

മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ ജുവല്‍റി വ്യവസായം പതിയെ കരകയറുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍. കാര്യങ്ങള്‍ സാധാരണ നിലയിലെത്തുന്നതിന് ഒരു വര്‍ഷത്തോളം സമയമെടുക്കുമെന്നും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയശേഷം വിപണി വലിയ തോതിലെ പ്രതിസന്ധിയെയാണ് നേരിട്ടത്. ജുവല്‍റി ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ 80 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍, ഡിസംബര്‍ 31നുശേഷം കാര്യങ്ങളില്‍ ചെറിയ മാറ്റം ദൃശ്യമാണ്. ആവശ്യകതയില്‍ 30 മുതല്‍ 40 ശതമാനത്തിന്റെ വരെ വര്‍ധനവുണ്ടായിട്ടുണ്ട്-ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജുവല്‍റി ട്രേഡ് ഫെഡറേഷന്‍ (ജിജെഎഫ്) ചെയര്‍മാന്‍ നിതിന്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. നോട്ട് നിരോധനം നിലവില്‍വന്ന് 50 ദിവസത്തിനുള്ളില്‍ ഭാരം കുറഞ്ഞ ആഭരണങ്ങളുടെയും വിവാഹ ആഭരണങ്ങളുടെയും മാറ്റു കൂട്ടുന്ന പ്രവണത മൂന്നിരട്ടിയായി. ഇത് വലിയ പണ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും വിപണിയിലെ ചെലവിടല്‍ നിര്‍ത്തുന്നതിന് വഴിതെളിക്കുകയും ചെയ്തു. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ നടപടി പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്തും. ആഭരണ വ്യവസായത്തിന് ഇത് ഗുണം ചെയ്യും-അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് പിന്‍വലിക്കല്‍ ആഭരണ വ്യവസായത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy