മാക്രോ പോളിസികളില്‍ വ്യക്തത ആവശ്യപ്പെട്ട് സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍

മാക്രോ പോളിസികളില്‍ വ്യക്തത ആവശ്യപ്പെട്ട് സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍

 

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രഗവണ്‍മെന്റ് ബജറ്റിലേക്കുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ തയാറാക്കി കഴിഞ്ഞു. കൂടുതല്‍ നിക്ഷേപകരും മാക്രോഇക്കണോമിക് പോളിസികളില്‍ കൂടുതല്‍ വ്യക്തത പ്രതീക്ഷിക്കുന്നു. എങ്കില്‍ മാത്രമെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയുകയുള്ളു എന്നാണ് നിക്ഷേപകരുടെ പക്ഷം.
‘അര്‍ധരാത്രിയാണ് നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള പ്രഖ്യാപനം വന്നത്. പൊതുനയങ്ങളുടെയും നിബന്ധനകളുടെയും കാര്യത്തില്‍ വ്യക്തതയും ഉറപ്പും നിക്ഷേപകര്‍ക്ക് ആവശ്യമാണ്. കാരണം ഇത് അവസാന നടപടിയല്ല എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തതയില്ല.’ മേഫീല്‍ഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായ നിഖില്‍ ഖട്ടൗ പറഞ്ഞു.
സെബിയില്‍ രജിസ്റ്റര്‍ ചെയ്ത് ഓള്‍ട്ടര്‍നേറ്റിവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ നിക്ഷേപത്തിന് സ്വകാര്യ കമ്പനികളുടെ മൂലധന നികുതി നിരക്കുകള്‍ ലിസ്റ്റഡ് കമ്പനികളുടേതിന് സമാനമാക്കണം, ആദ്യമായി സംരംഭം തുടങ്ങുന്നവര്‍ക്കും ഇഎസ്ഒപി ഉടമകള്‍ക്കും ലാഭവിഹിത നികുതിയില്‍ ഇളവ്, ബിസിനസ് ലോണുകള്‍ക്ക് കുറഞ്ഞ പലിശ നിരക്ക് എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് നിക്ഷേപകരുടെ പ്രധാന ആവശ്യങ്ങള്‍.
‘വ്യക്തിഗത ആദായ നികുതിയുടെ കാര്യത്തിലും ഞങ്ങള്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ വന്നാല്‍ ഉപഭോക്താക്കളുടെ കൈകളില്‍ ചെലവഴിക്കാന്‍ കൂടുതല്‍ തുക ഉണ്ടാവുകയും അത് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.’ ഇന്‍വെന്റസ് കാപിറ്റല്‍ പാര്‍ട്‌നേഴ്‌സിന്റെ ഡയറക്റ്ററായ റുത്വിക് ദോഷി പറഞ്ഞു. ട്രികോഗ് ഹെല്‍ത്ത് സര്‍വീസസ്, അണ്‍ബിക്‌സ്ഡ് സോഫ്റ്റ്‌വെയര്‍, ഹെല്‍ത്തിഫൈമി എന്നീ കമ്പനികളില്‍ ഇന്‍വെന്റസ് കാപിറ്റല്‍ പാര്‍ട്‌നേഴ്‌സിന് നിക്ഷേപം ഉണ്ട്. അഞ്ച് ആറ് വര്‍ഷങ്ങളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപകര്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങളിലെ നികുതി സംബന്ധിച്ചും കൂടുതല്‍ വ്യക്തത ആവശ്യമാണ്.

Comments

comments

Categories: Entrepreneurship