ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാന് ജയം

ഇറ്റാലിയന്‍ സീരി എ:  ഇന്റര്‍ മിലാന് ജയം

 
മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ ബൊലോഗ്നയ്‌ക്കെതിരെ ഇറ്റാലിയന്‍ കരുത്തരായ ഇന്‍ര്‍ മിലാന് ജയം. ഇന്റര്‍ മിലാന്റെ ഹോം ഗ്രൗണ്ടായ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബൊലോഗ്നയെ ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ജീസണ്‍ മുറില്ലോ, റോഡ്രിഗോ പലേഷ്യോ, അന്റോണിയോ കാന്‍ഡ്രേവ എന്നിവരാണ് ഇന്റര്‍ മിലാന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ മുപ്പത്തൊന്നാം മിനുറ്റിലായിരുന്നു ഇന്റര്‍ മിലാന് വേണ്ടി കൊളംബിയന്‍ താരമായ ജീസണ്‍ മുറില്ലോയുടെ ഗോള്‍. പോര്‍ചുഗീസ് താരമായ ജാവോ മാരിയോ തൊടുത്ത കോര്‍ണര്‍ കിക്ക് വിദഗ്ധമായ ബൈസിക്കിള്‍ കിക്കിലൂടെയാണ് ജീസണ്‍ മുറില്ലോ വലയിലെത്തിച്ചത്. ആറ് മിനുറ്റുകള്‍ക്ക് ശേഷം ജാവോ മരിയോയുടെ പാസില്‍ നിന്നും അര്‍ജന്റീനയുടെ റോഡിഗോ പലേഷ്യോയും ഇന്റര്‍ മിലാന് വേണ്ടി ലക്ഷ്യം കണ്ടു.

അതേസമയം, കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബൊലോഗ്നയുടെ അല്‍ബേനിയന്‍ താരമായ ബ്ലെറിം സെമൈലിയുടെ ഷോട്ട് ഇന്റര്‍ മിലാന്‍ മിഡ്ഫീല്‍ഡറായ ജിയോഫെറി കൊണ്ടോഗ്ബിയയില്‍ തട്ടി ആതിഥേയരുടെ പോസ്റ്റില്‍ കയറി. രണ്ടാം പകുതിയുടെ എഴുപത്തിമൂന്നാം മിനുറ്റില്‍ ഘാനയുടെ ഗോഡ്‌ഫ്രെഡ് ഡൊണാഷും ഗോള്‍ കണ്ടെത്തിയതോടെ ബൊലൊഗ്ന 2-2ന് ഇന്റര്‍ മിലാനൊപ്പമെത്തി.

എന്നാല്‍, മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഇറ്റാലിയന്‍ താരമായ അന്റോണിയോ കാര്‍ഡ്രേവ തൊടുത്ത ഷോട്ട് ബൊലോഗ്നയുടെ പ്രതിരോധ താരത്തില്‍ തട്ടി അവരുടെ വലയില്‍ കയറിയതോടെ ഇന്റര്‍ മിലാന്‍ സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളിന്റെ പുതിയ സീസണില്‍ ഇന്റര്‍ മിലാന്‍ നേടിയ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമായിരുന്നു ബൊലോഗ്നയ്‌ക്കെതിരായത്.

ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ കരുത്തരായ എസി മിലാന്‍ ടോറിനോയോട് സമനില വഴങ്ങി. എസി മിലാനും ടോറിനോയും രണ്ട് വീതം ഗോളുകള്‍ നേടിയാണ് സമനില പാലിച്ചത്. ടോറിനോയുടെ തട്ടകത്തില്‍ നടന്ന കളിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു എസി മിലാന്റെ തിരിച്ചുവരവ്.

മത്സരത്തിന്റെ ഇരുപത്തൊന്ന്, ഇരുപത്താറ് മിനുറ്റുകളില്‍ യഥാക്രമം ഇറ്റാലിയന്‍ താരങ്ങളായ ആന്‍ഡ്രിയ ബെലോട്ടി, മാര്‍ക്കോ ബെനാസി എന്നിവരിലൂടെയാണ് ടോറിനോ മുന്നിലെത്തിയത്. ടോറിനോയ്ക്ക് വേണ്ടി ഈ സീസണില്‍ ആന്‍ഡ്രിയ ബെലോട്ടി നേടിയ പതിനാലാം ഗോള്‍ കൂടിയായിരുന്നു എസി മിലാനെതിരായത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നില്‍ക്കവെ ടോറിനോയ്ക്ക് പെനാല്‍റ്റി അവസരവും ലഭിച്ചു.

എന്നാല്‍, ആദം ലാജിക് തൊടുത്ത പെനാല്‍റ്റി എസി മിലാന്റെ പതിനേഴ് വയസുകാരനായ ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡൊന്നാറുമ്മ തടയുകയായിരുന്നു. അതേസമയം, രണ്ടാം പകുതിയുടെ അന്‍പത്തഞ്ച്, അറുപത് മിനുറ്റുകളില്‍ യഥാക്രമം ഇറ്റാലിയന്‍ താരമായ ആന്‍ഡ്രിയ ബെര്‍ട്ടലോച്ചിയും കൊളംബിയയുടെ കാര്‍ലോസ് ബാക്കയും ഗോള്‍ കണ്ടെത്തി എസി മിലാന് സമനില സമ്മാനിക്കുകയായിരുന്നു.

മത്സരത്തിന്റെ എണ്‍പത്തൊന്‍പതാം മിനുറ്റില്‍ എസി മിലാന്റെ റൊമനോലി രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കളത്തിന് പുറത്ത് പോവുകയും ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ ടോറിനോയുടെ ഗോള്‍ വല കാക്കുന്ന ഇംഗ്ലണ്ട് താരം ജോ ഹാര്‍ട്ടിന്റെ മികവില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിട്ടും സമനില വഴങ്ങേണ്ടി വന്നത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.

മുമ്പ്, ഇറ്റാലിയന്‍ കപ്പ് ടൂര്‍ണമെന്റിലെ നോക്കൗട്ട് റൗണ്ടില്‍ നിന്നും ടോറിനോ പുറത്തായതും എസി മിലാനോടേറ്റ പരാജയത്തിലൂടെയായിരുന്നു. അതേസമയം, ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ ഫിയോറന്റീന, എഎസ് റോമ, ലാസിയോ, നാപ്പോളി, സസോലോ, കാഗ്‌ലിയാരി ടീമുകള്‍ വിജയം കണ്ടെത്തി. സാംഡോറിയ-എംപോലി മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിയുകയും ചെയ്തു.

മാസിമില്ല്യാനോ അല്ലെഗ്രിയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ കരുത്തരായ യുവന്റസിനെയാണ് ഫിയോറന്റീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫിയോറന്റീനയുടെ സ്വന്തം തട്ടകത്തിലെ ജയം. മത്സരത്തിന്റെ മുപ്പത്തിനാലാം മിനുറ്റില്‍ ബ്ലാക്‌ബേണിന്റെ മുന്‍ ഫോര്‍വേഡായ കാലിനിചിന്റെ ഗോളില്‍ ഫിയോറന്റീന മുന്നിലെത്തി.

ഇടവേളയ്ക്ക് ശേഷം അന്‍പത്തിനാലാം മിനുറ്റില്‍ മിലന്‍ ബാദെലിലൂടെയായിരുന്നു ആതിഥേയരുടെ രണ്ടാം ഗോള്‍. കളിയുടെ അന്‍പത്തെട്ടാം മിനുറ്റില്‍ അര്‍ജന്റൈന്‍ താരമായ ഗോണ്‍സാലോ ഹിഗ്വെയിനാണ് യുവന്റസിനായി ഗോള്‍ നേടിയത്. എഎസ് റോമ എതിരില്ലാത്ത ഒരു ഗോളിന് ഉദിനിസെയെയും ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്റയെയും നാപ്പോളി 3-1ന് പെസ്‌കാരയെയുമാണ് തോല്‍പ്പിച്ചത്.

സസോലോ, കാഗ്‌ലിയാരി ടീമുകള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യഥാക്രമം പാലെര്‍മോ, ജെനോവ ക്ലബുകളെയും പരാജയപ്പെടുത്തി. ഇറ്റാലിയന്‍ സീരി എ സീസണിലെ പത്തൊന്‍പത് മത്സരങ്ങളില്‍ നിന്നും 45 പോയിന്റുള്ള യുവന്റസാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഇരുപത് കളികളില്‍ നിന്നും 44 പോയിന്റുമായി എഎസ് റോമ രണ്ടാമതാണ്.

മൂന്നാമതുള്ള നാപ്പോളിക്ക് ഇത്രയും കളികളില്‍ നിന്നും 41 പോയിന്റാണുള്ളത്. നാല്‍പ്പത് പോയിന്റുമായി ലാസിയോയും തൊട്ടുപിന്നിലുണ്ട്. പത്തൊന്‍പത് കളികളില്‍ നിന്നും 37 പോയിന്റുമായി എസി മിലാന്‍ അഞ്ചാം സ്ഥാനത്താണ്. ഇന്റര്‍ മിലാന്‍ ഇരുപത് മത്സരങ്ങളില്‍ നിന്നും മുപ്പത്താറ് പോയിന്റുമായി ആറാമതാണ്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്‍പതാമതുള്ള ടോറിനോയ്ക്ക് മുപ്പത് പോയിന്റാണുള്ളത്.

Comments

comments

Categories: Sports