കോപ്പ ഡെല്‍ റേ: റയല്‍ മാഡിഡിന് തോല്‍വി

കോപ്പ ഡെല്‍ റേ:  റയല്‍ മാഡിഡിന് തോല്‍വി

 

 

മാഡ്രിഡ്: തുടര്‍ച്ചയായ നാല്‍പ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് ശേഷം ക്ലബ് ഫുട്‌ബോളിലെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് നാല് ദിവസത്തിനുള്ളില്‍ രണ്ടാം തോല്‍വി. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെയായിരുന്നു റയല്‍ മാഡ്രിഡ് പരാജയം വഴങ്ങിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിനെതിരായ സെല്‍റ്റ വിഗോയുടെ ജയം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലീഡ് നേടാന്‍ റയല്‍ മാഡ്രിഡിന് നിരവധി അവസരങ്ങളുണ്ടായിരുന്നിട്ടും അതൊന്നും ലക്ഷ്യത്തിലെത്താത്തതിനാല്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായാണ് അവസാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ ആറ് മിനുറ്റുകള്‍ക്കുള്ളിലായിരുന്നു രണ്ട് ടീമുകളുടെയും ഗോളുകള്‍.

കളിയുടെ അറുപത്തി നാലാം മിനുറ്റില്‍ സെല്‍റ്റ വിഗോയാണ് ആദ്യം ലീഡ് നേടിയത്. സ്പാനിഷ് താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളിന്റെ മുന്‍ സ്‌ട്രൈക്കറുമായ ലാഗോ അസ്പാസായിരുന്നു സെല്‍റ്റ വിഗോയുടെ ഗോള്‍ സ്‌കോറര്‍. അഞ്ച് മിനുറ്റിനുള്ളില്‍ ബ്രസീലിന്റെ മാഴ്‌സലോയിലൂടെ റയല്‍ മാഡ്രിഡും സെല്‍റ്റ വിഗോയ്‌ക്കെതിരെ ഗോള്‍ മടക്കി.

എന്നാല്‍ റയല്‍ മാഡ്രിഡിന്റെ മറുപടി ഗോള്‍ വന്ന് ഒരു മിനുറ്റ് പിന്നിടും മുമ്പ് തന്നെ സെല്‍റ്റ വിഗോ ആതിഥേയരെ വീണ്ടും പ്രഹരിക്കുകയായിരുന്നു. സ്പാനിഷ് താരമായ ജൊനാഥന്‍ കാസ്‌ട്രോയാണ് സെല്‍റ്റ വിഗോയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഫ്രാന്‍സിന്റെ കരിം ബെന്‍സേമ നഷ്ടപ്പെടുത്തുകയും ചെയ്തു.

സെല്‍റ്റ വിഗോയ്‌ക്കെതിരായ തുറന്ന അവസരം കരിം ബെന്‍സേമ ക്രോസ് ബാറിന് മുകളിലൂടെ അടിച്ച് കളയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ സെവിയ്യക്കെതിരെയാണ് ഇതിന് മുമ്പ് റയല്‍ മാഡ്രിഡ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ നാല്‍പ്പത് മത്സരങ്ങളില്‍ പരാജയമറിയാതിരുന്ന സിനദീന്‍ സിദാന്റെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ റയല്‍ മാഡ്രിഡിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടതും സെവിയ്യയായിരുന്നു.

Comments

comments

Categories: Sports