ചൈനീസ് സൂപ്പര്‍ ലീഗ്: പണക്കൊഴുപ്പ് തടയാന്‍ അസോസിയേഷന്‍ രംഗത്ത്

ചൈനീസ് സൂപ്പര്‍ ലീഗ്:  പണക്കൊഴുപ്പ് തടയാന്‍ അസോസിയേഷന്‍ രംഗത്ത്

ബെയ്ജിംഗ്: കോടിക്കണക്കിന് രൂപ ചെലവിട്ട് വിദേശ താരങ്ങളെ ടീമിലെത്തിക്കുന്ന ചൈനീസ് ലീഗ് ക്ലബുകളുടെ പണക്കൊഴുപ്പ് നിയന്ത്രിക്കുന്നതിനായി ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ നിയമങ്ങളുമായി രംഗത്ത്. ടീമിലെ വിദേശ കളിക്കാരുടെ എണ്ണം മൂന്നായി ചുരുക്കിയാണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ ലീഗിലെ നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്താനൊരുങ്ങുന്നത്.

ഇരുപത്തിമൂന്ന് വയസിന് താഴെയുളള രണ്ട് താരങ്ങളെങ്കിലും ടീമിലുണ്ടാകണമെന്നും ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ നിബന്ധനയിലുണ്ട്. ചൈനീസ് ലീഗിലെ വിവിധ ക്ലബുകളിലേക്ക് എത്തിയ കളിക്കാരുടെ ട്രാന്‍സ്ഫര്‍ തുക സംബന്ധിച്ച വിശദവിവരങ്ങള്‍ ഇനിമുതല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പരിശോധിക്കുകയും ചെയ്യും.

ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്റെ പുതിയ തീരുമാന പ്രകാരം, വിദേശ കളിക്കാരുടെ എണ്ണം നിയന്ത്രിക്കുന്നത് സ്വദേശീയരായ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനും കാരണമാകും. മുമ്പ്, ഒരു ഏഷ്യന്‍ ഫുട്‌ബോളര്‍ ഉള്‍പ്പെടെ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ചൈനീസ് ലീഗിലെ ഒരു മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നത്. മാര്‍ച്ച് മാസം മുതലാണ് ചൈനീസ് ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

യൂറോപ്പിലെ വിവിധ ക്ലബുകളില്‍ നിന്നും വലിയ തുകയ്ക്ക് മികച്ച താരങ്ങളെയെത്തിച്ച് ചൈനീസ് ലീഗിലെ ചില ക്ലബുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരായ കാര്‍ലോസ് ടെവസ്, ഓസ്‌കാര്‍, റാമിറസ്, ഒബി മിക്കേല്‍, ഹള്‍ക്ക് എന്നിവര്‍ അടുത്ത കാലത്താണ് വന്‍ തുകയ്ക്ക് ചൈനീസ് ലീഗിലെത്തിയത്.

അറുപത് മില്യണ്‍ ബ്രിട്ടീഷ് പൗണ്ടിന്റെ (ഏകദേശം 420 കോടി രൂപ) ട്രാന്‍സ്ഫര്‍ തുകയില്‍ ഷാങ്ഹായി എസ്‌ഐപിജി ക്ലബിലേക്കാണ് ബ്രസീലിയന്‍ താരമായ ഓസ്‌കാര്‍ എത്തിയത്. നിലവില്‍ ഷാങ്ഹായിയുടെയും ചെല്‍സിയുടെ മുന്‍ മാനേജറുമായിരുന്ന ആന്ദ്രേ വിയ്യാസ് ബോസാണ് ഇരുപത്തഞ്ചുകാരനായ ഓസ്‌കാറിനെ ചൈനീസ് ലീഗിലേക്കെത്തിച്ചത്.

ചെല്‍സിയുടെ പുതിയ പരിശീലകനായ അന്റോണിയോ കോന്റെയ്ക്ക് കീഴില്‍ പതിനൊന്ന് മത്സരത്തിനിറങ്ങിയ ഓസ്‌കാര്‍ ജനുവരി ട്രാന്‍സ്ഫറിലായിരുന്നു ഷാങ്ഹായി എസ്‌ഐപിജിയിലേക്ക് കൂടുമാറിയത്. ദേശീയ ഫുട്‌ബോളില്‍ ഓസ്‌കാറിന്റെ സഹതാരമായ ഹള്‍ക്ക് കഴിഞ്ഞ ജൂലൈയില്‍ ഇതേ ക്ലബുമായി കരാറിലെത്തിയിരുന്നു. 55 ദശലക്ഷം യൂറോയ്ക്കാണ് (ഏകദേശം 392 കോടി രൂപ) ഹള്‍ക്ക് ഇവിടെയെത്തിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിന്റെയും ചെല്‍സിയുടെയും കോച്ചായിരുന്ന ആന്ദ്രേ വിലാസ് ബോയാസാണ് ഷാങ്ഹായ് എസ്‌ഐപിജിയെ പരിശീലിപ്പിക്കുന്നത്. അര്‍ജന്റൈന്‍ സ്‌ട്രൈക്കറായ കാര്‍ലോസ് ടെവസ് രണ്ട് ആഴ്ച മുമ്പാണ് ചൈനീസ് സൂപ്പര്‍ ലീഗിലെ മറ്റൊരു ക്ലബായ ഷാങ്ഹായ് ഷെന്‍ഹുവ ക്ലബുമായി കരാറിലേര്‍പ്പെട്ടത്.

ബ്രസീലിലെ ബോക്ക ജൂനിയേഴ്‌സില്‍ നിന്നായിരുന്നു മുപ്പത്തിരണ്ട് വയസുകാരനായ കാര്‍ലോസ് ടെവസ് ചൈനയിലെത്തിയത്. രണ്ട് വര്‍ഷത്തെ കരാറില്‍ 38 ദശലക്ഷം യൂറോയായിരുന്നു (ഏകദേശം 270 കോടി രൂപ) അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത പ്രതിഫലം. പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 2000 കോടി രൂപയുടെ വാഗ്ദാനവുമായി ഒരു ചൈനീസ് ക്ലബ് മുമ്പ് സമീപിച്ചിരുന്നു.

Comments

comments

Categories: Sports