ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം ബെംഗളൂരു

ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരം ബെംഗളൂരു

 

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ചലനാന്മകമായ നഗരങ്ങളില്‍ ബെംഗളൂരു ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ടെക് ഹബ്ബ് എന്നറിയപ്പെടുന്ന ബെംഗളൂരു സാമ്പത്തിക മാറ്റങ്ങളിലും പ്രതിസന്ധികള്‍ അതീജീവിക്കാനുള്ള ശേഷിയിലും മറ്റു നഗരങ്ങളെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. റിയല്‍റ്റി സര്‍വീസസ് സംരംഭമായ ജെഎല്‍എല്ലിന്റെ സിറ്റി മൊമന്റം വാര്‍ഷിക സൂചികയിലാണ് (സിഎംഐ) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ലോകത്തിലെ ഡൈനാമിക് നഗരങ്ങളുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഹൈദരാബാദും നിലയുറപ്പിച്ചിട്ടുണ്ട്. ലണ്ടന്‍, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങള്‍ പട്ടികയിലെ ആദ്യത്തെ 20 നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഡെല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളെ പാരിസ്ഥിതിക ഘടകങ്ങള്‍ പിറകോട്ട് വലിച്ചതായാണ് സൂചികയില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഡെല്‍ഹി, മുംബൈ എന്നീ നഗരങ്ങള്‍ യഥാക്രമം 23, 24 സ്ഥാനങ്ങളിലാണുള്ളത്. ടെക്‌നോളജി, ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളാണ് ബെംഗളൂരുവിനെ ടോപ്പ് ഡൈനാമിക് നഗരമെന്ന നിലയിലേക്ക് ഉയര്‍ത്തിയത്.
സാമ്പത്തികമായ മാറ്റങ്ങളുടെ വേഗത, റിയല്‍റ്റി വിപണി, മാറ്റങ്ങളെ അതിജീവിക്കാനുള്ള നഗരത്തിന്റെ ശേഷി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സിഎംഐ നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അന്തരീക്ഷത്തില്‍ ഏത് നഗരമാണ് സ്വയം അതിജീവിച്ച് മുന്നേറുന്നതെന്ന് കണ്ടെത്തുകയാണ് സൂചികയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജെഎല്‍എല്‍ റിസര്‍ച്ച് ഡയറക്റ്റര്‍ ജെറേമി കെല്‍ പറഞ്ഞു.
പ്രധാനപ്പെട്ട മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള 42 ഘടകങ്ങളെയാണ് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജിഡിപി, എയര്‍ പാസഞ്ചേഴ്‌സ്, കോര്‍പ്പറേറ്റ് ആസ്ഥാനങ്ങള്‍, എഫ്ഡിഐ തുടങ്ങിയവയാണ് റാങ്കിംഗില്‍ 40 ശതമാനം പങ്കുവഹിക്കുന്നത്. കൊമേഴ്‌സ്യല്‍ റിയല്‍റ്റി ഘടകങ്ങള്‍ക്കും ഇന്നൊവേഷന്‍ ശേഷിക്കും നഗരത്തിന്റെ സാങ്കേതികമായ വികസനത്തിനുമായി റാങ്കിംഗില്‍ 30 ശതമാനം പങ്കാണുള്ളത്.

Comments

comments

Categories: Trending