ആപ്പിളിനെ ‘മാര്‍ക്വീ’ നിക്ഷേപകരായി പരിഗണിച്ചേക്കും

ആപ്പിളിനെ ‘മാര്‍ക്വീ’ നിക്ഷേപകരായി പരിഗണിച്ചേക്കും

ന്യൂഡെല്‍ഹി : ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ക്വീ നിക്ഷേപകരായി പരിഗണിച്ചേക്കും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിനും വാണിജ്യ, റവന്യൂ വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ ഏക അഭിപ്രായമാണ്. ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്നതിന് ഇളവുകള്‍ വേണമെന്നാണ് ആപ്പിള്‍ ആവശ്യപ്പെടുന്നത്.

പതിനായിരം കോടി മുതല്‍ 25,000 കോടി രൂപ വരെ നിക്ഷേപം നടത്താന്‍ തയാറുള്ള വന്‍ കമ്പനികളെ രാജ്യത്തെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ആപ്പിളിനെ മാര്‍ക്വീ നിക്ഷേപകരായി പരിഗണിച്ചേക്കുമെന്ന് ഐടി സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ് ഇനിഷ്യേറ്റീവിന്റെ രണ്ടാം ഘട്ടത്തില്‍ ഏകദേശം അമ്പത് കമ്പനികള്‍ മൊത്തമായി രാജ്യത്ത് ഇതുവരെ 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഈ മാസം 22ന് ആപ്പിളിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തി സര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. 15 വര്‍ഷത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കണം എന്നിവയടക്കമുള്ള ആവശ്യങ്ങളാണ് ആപ്പിള്‍ ഉന്നയിച്ചിരിക്കുന്നത്. ആപ്പിളിന്റെ ആവശ്യങ്ങള്‍ പരിണിച്ചുവരികയാണെന്നും ഇക്കാര്യത്തില്‍ എല്ലാ വകുപ്പുകളും യോജിച്ച തീരുമാനമെടുക്കുമെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി.
അതേസമയം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാംപെയ്‌ന്റെ ഭാഗമായി ആപ്പിളിന് ഇളവുകള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെങ്കിലും ചില ഉദ്യോഗസ്ഥര്‍ തടസവാദങ്ങള്‍ നിരത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ തുറന്ന മനസ്സ് പ്രകടിപ്പിക്കുമെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ആപ്പിള്‍ ഇന്ത്യയില്‍ വരുന്നതിലും ഇവിടെ ഉല്‍പ്പാദനം നടത്തുന്നതിലും സര്‍ക്കാര്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നികുതി ഇളവുകളുടെയും മറ്റ് നിരവധി ആനുകൂല്യങ്ങളുടെയും നീണ്ട ലിസ്റ്റുമായി വരുന്ന ആപ്പിളിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നത് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു വിദേശ കമ്പനികളോടുള്ള അനീതിയാകുമെന്നാണ് ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു കമ്പനിക്ക് മാത്രമായി പ്രത്യേക ഇളവുകള്‍ നല്‍കുന്നത് ശരിയല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Slider, Top Stories