വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ ആലിബാബയും

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ ആലിബാബയും

ബെയ്ജിംഗ് : വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബയും രംഗത്ത്. ഡാറ്റ അനലിറ്റിക്‌സ് ഉപയോഗിച്ച് വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇരുപത് ബ്രാന്‍ഡുകളുടെ സംഘത്തില്‍ തങ്ങളും ചേര്‍ന്നതായി ആലിബാബ അറിയിച്ചു. സംഘത്തില്‍ ചൈനീസ്-അന്താരാഷ്ട്ര ബ്രാന്‍ഡുകളായ ഹ്യൂവെയ്, എല്‍വി, സ്വറോഫ്‌സ്‌കി, ഡ്യൂലക്‌സ്, സാംസംഗ്, സോണി, ബയോഡെര്‍മ തുടങ്ങിയ കമ്പനികളാണുള്ളത്. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആദ്യ ‘സഖ്യ’മാണ് ഇതെന്ന് ആലിബാബ വ്യക്തമാക്കിതായി ജിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വ്യാജന്‍മാര്‍ക്കെതിരായ പോരാട്ടത്തെ കൂടുതല്‍ ശക്തവും സുതാര്യവുമാക്കുമെന്ന് ആലിബാബ അറിയിച്ചു. ഈയിടെ ആഗോള വിപണിയില്‍ അനുകരണങ്ങള്‍ വ്യാപകമാണെന്നും പരമ്പരാഗത ഓഫ്‌ലൈന്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വ്യാജ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുന്നത് കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണെന്നും ആലിബാബ ഗ്രൂപ്പ് ചീഫ് പ്ലാറ്റ്‌ഫോം ഗവേണന്‍സ് ഓഫീസര്‍ ജെസ്സി ഴെങ് പറഞ്ഞു. ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് തങ്ങളുടെ സാങ്കേതികവിദ്യകളും വിഭവങ്ങളും ഉപയോഗിച്ച് വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആലിബാബ ഗ്രൂപ്പ് പങ്കുചേര്‍ന്നിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
2015 സെപ്റ്റംബര്‍ മുതല്‍ 2016 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ആലിബാബയുടെ ബിഗ് ഡാറ്റ അനാലിസിസ് അടിസ്ഥാനമാക്കി ചൈനീസ് അധികൃതര്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന 675 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. അതേകാലയളവില്‍ തങ്ങളുടെ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ താവോബാവോ ഡോട്ട് കോമിലെ 1,80,000 സ്‌റ്റോറുകള്‍ക്ക് ആലിബാബ ഗ്രൂപ്പും താഴിട്ടു. ചൈനീസ് പൊലീസിന്റെ പിന്തുണ ഇക്കാര്യത്തില്‍ ആലിബാബയ്ക്കുണ്ടായിരുന്നു.
ആലിബാബയുടെ ബിഗ് ഡാറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യകള്‍ വലിയ സാങ്കേതിക സഹായമാണ് ചെയ്തതെന്ന് ചൈനയിലെ സാമ്പത്തിക കുറ്റകൃത്യ നിയന്ത്രണ വിഭാഗം ഉപമേധാവി വാങ് ഹി പറഞ്ഞു.

Comments

comments

Categories: Branding