ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമതാ കരട് നിയമം ഏപ്രില്‍ ഒന്നിന്

ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമതാ കരട് നിയമം ഏപ്രില്‍ ഒന്നിന്

 

ന്യൂഡെല്‍ഹി: ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്കുള്ള ഇന്ധനക്ഷമതാ കരട് നിയമം അടുത്ത ഏപ്രില്‍ ഒന്നിന് പുറത്തിറക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന സംരക്ഷണവുമായി ബന്ധപ്പെട്ട് ഡെല്‍ഹിയില്‍ നടക്കുന്ന സക്ഷം 2017 എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരത് സ്റ്റേജ് നാല് മലിനീകരണ മാനദണ്ഡത്തിലുള്ള ഇന്ധനം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രാജ്യത്തെ എല്ലായിടത്തും ലഭ്യമാകും. അതേസമയം, ബിഎസ് ആറ് മാനദണ്ഡത്തിലുള്ള ഇന്ധനം 2020 ഓടെ എല്ലാഭാഗങ്ങളിലും എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് പെട്രോളിയം മന്ത്രാലയമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധന സംരക്ഷണത്തിനും ഊര്‍ജ പരിരക്ഷണത്തിനും എല്ലാവരും അവരാലാകുന്നത് ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയില്‍ നിലവില്‍ 15 കോടിയോളം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയോളം മുച്ചക്ര വാഹനങ്ങളും റോഡിലുണ്ട്. ഈ വാഹനങ്ങള്‍ ചുവപ്പ് സിഗ്‌നലില്‍ എന്‍ജിന്‍ ഓഫ് ചെയ്താല്‍ മാത്രം രണ്ട് ശതമാനം ഇന്ധനം സംരക്ഷിക്കാന്‍ സാധിക്കും. ഏകദേശം 14,000 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ലാഭിക്കാന്‍ സാധിക്കുക.
പ്രധാനമന്ത്രിയുടെ ഉജ്വല യോജന പദ്ധതിക്ക് കീഴില്‍ അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുന്നതിനായി 8,000 അനുവദിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 16 വരെ 1.60 കോടി എല്‍പിജി കണക്ഷനാണ് സര്‍ക്കാര്‍ നല്‍കിയത്. ഇന്ധന, ഊര്‍ജങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ ലാഭിക്കുന്ന തുക മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പിസിആര്‍എയും പൊതുമേഖല പെട്രോള്‍, ഗ്യാസ് കമ്പനികളും ചേര്‍ന്ന് നടത്തുന്ന ഒരുമാസത്തെ ഇന്ധനസംരക്ഷണ അവബോധ പരിപാടിയാണ് സക്ഷം 2017.

Comments

comments

Categories: Auto