ലോഡ്‌ഷെഡിംഗോ നിരക്ക് വര്‍ധനയോ ആലോചനയിലില്ല: എം എം മണി

ലോഡ്‌ഷെഡിംഗോ നിരക്ക് വര്‍ധനയോ ആലോചനയിലില്ല: എം എം മണി

 

കോഴിക്കോട്: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുത ക്ഷാമം പരിഹരിക്കുന്നതിനായി ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നിലവില്‍ ആലേചിക്കുന്നില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി വ്യക്തമാക്കി. നിരക്ക് വര്‍ധനയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളിക്കളഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതും ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്.
മഴ കുറഞ്ഞതിനാല്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ത്ഥ്യമാണ്. ഇതു മറികടക്കുന്നതിനായി കേന്ദ്ര പൂളില്‍ നിന്നു വൈദ്യുതി വാങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിറോഡ് 110 കെവി ജിഐഎസ് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. ബോര്‍ഡിനു ലാഭമുണ്ടാക്കിത്തരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Slider, Top Stories