വിശ്വാസ്യതയുള്ള ആറ് വിപണികളില്‍ ഇന്ത്യയും

വിശ്വാസ്യതയുള്ള ആറ് വിപണികളില്‍ ഇന്ത്യയും

 

ന്യൂഡെല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച സാധ്യത ഉറപ്പു നല്‍കുന്ന ആറ് വിപണികളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി ആഗോള എക്‌സിക്യൂട്ടീവുകളുടെ വിലയിരുത്തല്‍. മൊത്തം വളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. അതേസമയം ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള താല്‍പ്പര്യം കഴിഞ്ഞ മൂന്ന് വര്‍ത്തേതില്‍ നിന്ന് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ കണ്‍സള്‍ട്ടന്‍സി സംരംഭമായ പിഡബ്ല്യുസിയുടെ ആഗോള സിഇഒ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് സര്‍വേ ഫലം പുറത്തുവിട്ടത്.
വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്‍ നിരയിലുള്ള വിപണി യുഎസ് ആണെന്നാണ് പഠനം വ്യക്തമാക്കുന്നത്. 43 ശതമാനം പേരാണ് യുഎസിനെ മികച്ച സാധ്യത പ്രകടമാക്കുന്ന വിപണിയായി തെരഞ്ഞെടുത്തുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയത്. തൊട്ടുപുറകില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത് ചൈനയാണ്. 33 ശതമാനം പേരാണ് ചൈനയെ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തുകൊണ്ട് വോട്ട് രേഖപ്പെടുത്തിയത്. ജര്‍മനി (17%), യുകെ (15%), ജപ്പാന്‍ (8%), ഇന്ത്യ (7%) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള അഞ്ച് വിപണികളില്‍ ഇന്ത്യ ഉള്‍പ്പെട്ടിരുന്നു. ഈ വര്‍ഷം ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നു. സിഇഒമാര്‍ക്ക് ഇന്ത്യയോടുള്ള ആവേശത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ ഹ്രസ്വകാല ബുദ്ധിമുട്ടുകളാണ് ഇതിനു കാരണമെന്നും സര്‍വേ ചൂണ്ടിക്കാട്ടി.
ചെറിയ രീതിയിലുള്ള പ്രതിസന്ധികള്‍ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യ ഇപ്പോഴും കരുത്തുറ്റ വളര്‍ച്ചയിലും സാമ്പത്തിക-ധന പരിഷ്‌കരണത്തിലും നിലകൊള്ളുന്നതായി സര്‍വേയില്‍ പറയുന്നു. ബ്രസീല്‍, ഇന്ത്യ, റഷ്യ, അര്‍ജന്റീന എന്നീ വിപണികളില്‍ നിക്ഷേപം നടത്താനുള്ള ആവേശത്തില്‍ കുറവ് വന്നിട്ടുണ്ട്. ജര്‍മനി, യുകെ, യുഎസ് എന്നീ വിപണികള്‍ക്ക് കൂടുതല്‍ മുന്‍ത്തൂക്കം ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

2017ല്‍ ആശങ്കയുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടായേക്കുമെന്ന് തോന്നുന്നതായി സിഇഒമാര്‍ അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ വളര്‍ച്ചാ നിരക്കിലുള്ള ആത്മവിശ്വാസക്കുറവും എക്‌സിക്യൂട്ടീവുകള്‍ പ്രകടിപ്പിച്ചു. ലോകത്തില്‍ 38 ശതമാനം എക്‌സിക്യൂട്ടീവുകള്‍ അവരുടെ കമ്പനിയുടെ അടുത്ത ഒരു വര്‍ഷത്തെ വളര്‍ച്ചാ സാധ്യത ഉറപ്പിച്ചിട്ടുണ്ട്. 29 ശതമാനം സിഇഒമാര്‍ 2017ല്‍ ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന സൂചനയാണ് തരുന്നത്. 71 ശതമാനം ഇന്ത്യന്‍ സിഇഒമാരാണ് അടുത്ത 12 മാസത്തെ തങ്ങളുടെ കമ്പനി വളര്‍ച്ചയില്‍ ആത്മവിശ്വാസം ഉറപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നയ പരിഷ്‌കരണ അജണ്ടയുടെ പിന്‍ബലത്തോടെ വളര്‍ച്ച സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

Comments

comments

Categories: Slider, Top Stories