ജിഎസ് ടി ജൂലൈ 1 മുതല്‍: സമവായമായി;  പൂര്‍ത്തിയാക്കാനുള്ളത് നടപടിക്രമങ്ങള്‍

ജിഎസ് ടി ജൂലൈ 1 മുതല്‍:  സമവായമായി;  പൂര്‍ത്തിയാക്കാനുള്ളത് നടപടിക്രമങ്ങള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കം സമാവായത്തിലെത്തി. എങ്കിലും സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് ജിഎസ്ടി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ല. നയപരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്നും ഏപ്രില്‍ 1ന് നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് എളുപ്പമായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ജൂലൈ ഒന്ന് എന്ന നീട്ടിയ കാലാവധി ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. ജിഎസ്ടിക്കു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിന് വ്യാവസായിക മേഖലയ്ക്കും സമയം ആവശ്യമാണ്. ഇതുകൂടി പരിഗണിച്ചാണ് ജൂലൈ ഒന്ന് എന്ന കാലയളവ് നിശ്ചയിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്.
സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലിന്റെ ഒന്‍പതാമത്തെ യോഗത്തിലാണ് നികുതി അധികാരം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. ഇതോടെ ജനുവരി 31 മുതല്‍ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട മറ്റു ബില്ലുകളും കേന്ദ്ര സര്‍ക്കാരിന് പരിഗണനയ്ക്ക് വെക്കാനാകും. വ്യത്യസ്ത നികുതി സ്ലാബുകളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജിഎസ്ടി കൗണ്‍സില്‍ എടുക്കേണ്ടതുണ്ട്.
ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ വലിയൊരളവ് അംഗീകരിക്കാന്‍ കേന്ദ്രം തയാറായി. കേന്ദ്ര-സംസ്ഥാന തര്‍ക്കമുണ്ടായിരുന്ന മൂന്നു വിഷയങ്ങളിലും രമ്യമായ പരിഹാരമുണ്ടായി. പ്രതിവര്‍ഷം ഒന്നരക്കോടി രൂപയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങളില്‍ 90% നികുതിദായകരും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലാകും. ഇതില്‍ 100% നികുതിദായകരും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാകണമെന്നാണ് സംസ്ഥാനങ്ങള്‍ വാദിച്ചിരുന്നതെങ്കിലും പുതിയ തീരുമാനത്തെ അംഗീകരിക്കുന്നതായി ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറഞ്ഞു. സമുദ്രതീരത്തുനിന്നു 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു നികുതി ചുമത്താനുള്ള അധികാരം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനാന്തര ചരക്കു സേവന നീക്കങ്ങളിന്മേലുള്ള ഐജിഎസ്ടി അധികാരം കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കാനും തീരുമാനിച്ചു. ഐജിഎസ്ടി ചുമത്താനും പിരിക്കാനുമുള്ള അധികാരം കേന്ദ്രത്തിനാകുമെങ്കിലും പ്രത്യേക വ്യവസ്ഥകളിലൂടെ സംസ്ഥാനങ്ങള്‍ക്കും ചില അധികാരങ്ങള്‍ നല്‍കും. ജിഎസ്ടിക്കു കീഴില്‍ എട്ട് മില്യണ്‍ നികുതിദായകരുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. രാജ്യത്തെ ഏക വിപണിയാക്കി മാറ്റാനുള്ള ബില്ലിന് അംഗീകാരം നല്‍കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ യോഗം അടുത്ത മാസം 18ന് ചേരും. ഐജിഎസ്ടി, കേന്ദ്ര-സംസ്ഥാന ജിഎസ്ടി നയം എന്നിവ സംബന്ധിച്ചും ഈ യോഗത്തില്‍ തീരുമാനമെടുക്കും.

Comments

comments

Categories: Slider, Top Stories
Tags: from July 1, GST, tax