അഖിലേഷിന് രാഹുല്‍ ‘കൈ’ കൊടുക്കും

അഖിലേഷിന് രാഹുല്‍ ‘കൈ’ കൊടുക്കും

 

ലക്‌നൗ: ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധ്യതയൊരുങ്ങി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം നാളെ ലക്‌നൗവില്‍ വച്ച് പ്രഖ്യാപിക്കുമെന്ന കാര്യവും ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസിനു പുറമേ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളുമായും(ആര്‍എല്‍ഡി) സഖ്യത്തിനുള്ള സാധ്യതയുണ്ടെന്ന് അഖിലേഷ് യാദവ് സൂചന നല്‍കി.
ബിഹാര്‍ മാതൃകയിലുള്ള സഖ്യമാണു യുപിയില്‍ പയറ്റാന്‍ അഖിലേഷിനെ പ്രേരിപ്പിക്കുന്നത്. ബിഹാറില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ചേര്‍ന്ന് രൂപീകരിച്ച സഖ്യം വന്‍ വിജയം കൈവരിച്ച് അധികാരത്തിലേറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തില്‍ ബിജെപി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ വന്‍മുന്നേറ്റം നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു ബിഹാറില്‍ നീതീഷ്-ലാലു സഖ്യം നേട്ടം കൈവരിച്ചത്.
കോണ്‍ഗ്രസുമായും ആര്‍എല്‍ഡിയുമായും എസ്പി സഖ്യത്തിലേര്‍പ്പെടുകയാണെങ്കില്‍, യുപിയില്‍ 75-80 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും 25-30 മണ്ഡലങ്ങളില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥികളും മത്സരിക്കുമെന്നാണു സൂചന. മാത്രമല്ല, കോണ്‍ഗ്രസ്-എസ്പി-ആര്‍എല്‍ഡി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രിയങ്ക ഗാന്ധിയും, അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രചാരണത്തിനിറങ്ങുമെന്നും അണിയറ സംസാരമുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമെന്ന് അറിയപ്പെടുന്ന അമേഠിയിലും റായ് ബറേലിയിലും മാത്രമായിരിക്കും പ്രിയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങുന്നതെന്നും സൂചനയുണ്ട്. പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ജയന്ത് ചൗധരിയും ഒരുമിച്ച് വേദി പങ്കിടും.
വികസനം, തൊഴിലവസരം സൃഷ്ടിക്കല്‍, ഡീ മോണിട്ടൈസേഷന്റെ പ്രത്യാഘാതം, കര്‍ഷകര്‍, സൈനികര്‍ തുടങ്ങിയവരുടെ ക്ഷേമം തുടങ്ങിയ വിഷയങ്ങളാണു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും എസ്പിയും ആര്‍എല്‍ഡിയും ഉള്‍പ്പെടുന്ന സഖ്യം ഉയര്‍ത്തിക്കാട്ടുക.
യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശാ പത്രികാ സമര്‍പ്പണം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്.
മത്സരിക്കാന്‍ യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനും പ്രചരണത്തിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമാണ് ഇപ്പോള്‍ താന്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എസ്പി വീണ്ടും അധികാരത്തിലേറണം. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുന്നതിനു വേണ്ടി കഠിന പ്രയ്തനം ചെയ്യുന്നതാണ് ഇപ്പോള്‍ നിക്ഷിപ്തമായ കര്‍ത്തവ്യമെന്നും അഖിലേഷ് പറഞ്ഞു. 300 സീറ്റുകളില്‍ വിജയം കൈവരിക്കുകയെന്നതാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 235 സ്ഥാനാര്‍ഥികളുടെ പട്ടിക അഖിലേഷ് പുറത്തിറക്കിയിരുന്നു. അഖിലേഷിന്റെ എതിരാളി മുലായം സിംഗ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനു ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണു അഖിലേഷ് പട്ടിക പ്രസിദ്ധീകരിച്ചത്. യുപിയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 11നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് എട്ടിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് തീരും. 11ന് ഫലം പുറപ്പെടുവിക്കും.

Comments

comments

Categories: Politics, Slider