തൊഴില്‍ വളര്‍ച്ച ഉറപ്പാക്കുന്നതാകണം ബജറ്റ്

തൊഴില്‍ വളര്‍ച്ച ഉറപ്പാക്കുന്നതാകണം ബജറ്റ്

 
ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണ്. യുഎസിനെ ആശ്രയിക്കാന്‍ സാധിക്കുമോയെന്നത് ഇനിയും വിലയിരുത്താറായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവചനാതീതമായ സാമ്പത്തിക നയങ്ങളായിരിക്കും ഒരുപക്ഷേ ജനുവരി 20ന് അമേരിക്കയില്‍ അധികാരത്തിലേറാനിരിക്കുന്ന പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുക. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങള്‍ ഇപ്പോഴും ഇന്ത്യന്‍ വിപണിയില്‍ തുടരുന്നു. ഈ സാമ്പത്തിക പശ്ചാത്തലത്തിലാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേട്ടാകും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. ബിജെപിക്ക് നിര്‍ണായകമായ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വലിയ സംസ്ഥാനങ്ങളാണ് വോട്ടെടുപ്പിന് പോകുന്നതെന്നതിനാല്‍ ബജറ്റില്‍ കുറേ ജനകീയപദ്ധതികള്‍ ഉള്‍പ്പെടുത്താന്‍ ധനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകുമെന്നത് തീര്‍ച്ച. അതുകൊണ്ടുതന്നെ സാമ്പത്തിക സാഹചര്യത്തിന് അനുസൃതമായാണോ രാഷ്ട്രീയത്തിന് അനുസൃതമായാണോ ബജറ്റിലെ പദ്ധതികള്‍ ഉണ്ടാകുകയെന്നുള്ളതാണ് വിഷയം.
ജിഎസ്ടി ഉള്‍പ്പെടെ വന്‍ പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചുള്ളതായിരുന്നു കഴിഞ്ഞ ബജറ്റ്. ഇത്തവണ നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികള്‍ പ്രഖ്യാപിച്ചാലും വിമര്‍ശനങ്ങള്‍ അതിരൂക്ഷമായിരിക്കും. ഇവിടെ ജയ്റ്റ്‌ലി ഏറ്റവുമധികം ശ്രദ്ധ പതിപ്പിക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തന്നെയായിരിക്കണം. സാമ്പത്തിക വളര്‍ച്ചയെന്നാല്‍ വന്‍നിക്ഷേപങ്ങള്‍ മാത്രമല്ല. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ചുള്ള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാകണം ആവിഷ്‌കരിക്കേണ്ടത്.

കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാതെയുള്ളതാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്ന വ്യാപക വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ശക്തമാണ്. ഇത് മനസില്‍ വെച്ചായിരിക്കണം പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കേണ്ടത്.

Comments

comments

Categories: Editorial