ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സമീപനം മാറ്റണം: സുധീര്‍ ബാബു

ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന സമീപനം മാറ്റണം: സുധീര്‍ ബാബു

ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലേക്കു മാറ്റുവാന്‍ സ്റ്റേറ്റ് ബാങ്ക് സൗജന്യ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളും സൈ്വപ്പിംഗ് മെഷീനുകളും രാജ്യമാകെ വ്യാപകമാക്കണമെന്ന് ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്ന ജനങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണ് പ്രൈവറ്റ് ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. സൗജന്യ എ ടി എം ഇടപാടുകളുടെ എണ്ണം കുറയ്ക്കണമെന്ന പ്രൈവറ്റ് ബാങ്കുകളുടെ നിര്‍ദ്ദേശം ജനങ്ങളെ പിഴിയാന്‍ വേണ്ടിയുള്ളതാണ്. ജനങ്ങള്‍ ഡിജിറ്റലാവാന്‍ സര്‍വീസുകള്‍ പരമാവധി സൗജന്യമാക്കുകയാണ് വേണ്ടത്-സുധീര്‍ ബാബു പറഞ്ഞു.

പ്രൈവറ്റ് ബാങ്കുകള്‍ അതിന് തയ്യാറാകാത്ത അവസരത്തില്‍ സ്റ്റേറ്റ് ബാങ്ക് ജനങ്ങളെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങണം. ജനങ്ങളുടെ പണം മുഴുവന്‍ ബാങ്കിലടപ്പിച്ചിട്ടു അത് കൈകാര്യം ചെയ്യുന്നതിന് കഴുത്തറപ്പന്‍ ചാര്‍ജ് ഈടാക്കുന്നത് അനീതിയാണ്. ഡിജിറ്റലാക്കുവാന്‍ എ ടി എം സേവനങ്ങള്‍ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്തിനു പകരം എ ടി എമ്മുകള്‍ നിര്‍ത്തലാക്കുകയാവും നല്ലത്. ജനങ്ങളെ അങ്ങനെ കൂടുതല്‍ ദ്രോഹിക്കാമല്ലോ. പ്രൈവറ്റ് ബാങ്കുകളുടെ ലക്ഷ്യം കലക്ക വെള്ളത്തിലെ മീന്‍പിടുത്തമാണ്. ജനങ്ങളുടെ ബാങ്കായ സ്റ്റേറ്റ് ബാങ്ക് അതിന് കൂട്ട് നില്‍ക്കുന്ന അവസ്ഥ ആത്മഹത്യാപരമാണ്-അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യ സേവനങ്ങളുമായി സ്റ്റേറ്റ് ബാങ്ക് മുന്നോട്ട് വരണം. ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമ്പോള്‍ ജനം പണം ബാങ്കിലിടാന്‍ മടിക്കുന്ന പ്രവണത കൂടും. പണം ബാങ്കില്‍ നിക്ഷേപിച്ചു ഡിജിറ്റല്‍ സേവനങ്ങള്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുവാന്‍ സൗജന്യ സേവനങ്ങള്‍ക്കേ സാധിക്കൂ. പ്രൈവറ്റ് ബാങ്കുകള്‍ കീശ വീര്‍പ്പിക്കാന്‍ ജനങ്ങളെ ദ്രോഹിക്കുന്ന ഈ സമയം ഗവണ്മെന്റ് ക്രിയാത്മക നടപടികളുമായി മുന്നോട്ട് വരണം-സുധീര്‍ ബാബു പറഞ്ഞു.

സ്റ്റേറ്റ് ബാങ്കും രാജ്യത്തെ സഹകരണ ബാങ്കുകളും ജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തണം. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഡിജിറ്റല്‍ ആകുമ്പോള്‍ അതിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിക്കുന്നത് ബാങ്കുകളാണ് എന്നിട്ടും അവര്‍ ജനങ്ങളെ പിഴിയുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തന്നെ ഉയരണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking, Trending