ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

ചെറുകിടവ്യാപാരികള്‍ക്ക് പിന്തുണയുമായി ആമസോണ്‍

 
ബെംഗളൂരു: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസായ ആമസോണ്‍ ഇന്ത്യ ആമസോണ്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് നെറ്റ്‌വര്‍ക്കിന്റെ (എഎസ്പിഎന്‍) സാധ്യതകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. സര്‍വീസുകളുടെ എണ്ണം മൂന്നില്‍ നിന്ന് പത്ത് ആയി ഉയര്‍ത്തും. ചെറുകിട വ്യാപാരികളെ അവരുടെ ഉല്‍പ്പന്നം ആമസോണിന്റെ പ്ലാറ്റ് ഫോമിലൂടെ വിറ്റഴിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇമേജിംഗ്, പരസ്യം, ലോജിസ്റ്റിക്‌സ് എന്നീ സേവനങ്ങളും services.amazon.in എന്ന പ്ലാറ്റ് ഫോമില്‍ ബിസിനസ് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. 450 ഓളം ദാതാക്കള്‍ അവരുടെ ബിസിനസ് ഈ പ്ലാറ്റ് ഫോമില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18 മാസങ്ങളായി 75 ഓളം നഗരങ്ങളിലെ വില്‍പ്പനക്കാരെ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുവാന്‍ ആമസോണിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവര്‍ഷമാണ് ആമസോണ്‍ പദ്ധതിക്ക് തുടക്കമിടുന്നത്. അന്ന് മുതല്‍ ആമസോണ്‍ ഇന്ത്യ ചെറുകിട വില്‍പ്പനക്കാരില്‍ നിന്നുള്ള സെലക്ഷന്‍ വര്‍ധിപ്പിക്കുവാന്‍ എഎസ്പിഎന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ വില്‍പ്പനയുടെ 25 ശതമാനത്തിലധികം ഒരു വില്‍പ്പനക്കാരന്‍ തനിച്ച് നടത്താന്‍ പാടില്ല എന്ന ഗവണ്‍മെന്റ് നിയമം നിലവിലുണ്ട്. നിരവധി വില്‍പ്പനക്കാരെ പ്ലാറ്റ് ഫോമിലേക്ക് ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2016 ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നുവെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലര്‍ സര്‍വീസസ് വിഭാഗം ജനറല്‍ മാനേജറായ ഗോപാല്‍ പിള്ള പറഞ്ഞു. സെല്ലര്‍ ബേസില്‍ 160 ശതമാനം വളര്‍ച്ച കൈവരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 1.5 ലക്ഷം വില്‍പ്പനക്കാര്‍ നിലവില്‍ പ്ലാറ്റ്‌ഫോമിലുണ്ട്. ഇമേജിംഗിലും കാറ്റലോഗിംലും ബിസിനസില്‍ വളര്‍ച്ച കൈവരിക്കുന്നതിലും വില്‍പ്പനക്കാരെ ആമസോണ്‍ സഹായിക്കുന്നുമുണ്ട്.
ഗൂഗിള്‍ ആഡ്-വേര്‍ഡ്‌സിന് സമാനമായി സ്‌പോണ്‍സേര്‍ഡ് പ്രൊഡക്ട് ഒപ്റ്റിമൈസേഷന്‍ (എസ്പിഒ) എന്ന സേവനവും ആമസോണ്‍ ലഭ്യമാക്കിയിരുന്നു. പരസ്യങ്ങള്‍ക്ക് ഓരോ ക്ലിക്കിലും പേമെന്റ് ലഭ്യമാകുന്ന പേ-പെര്‍-ക്ലിക്ക് മോഡലാണിത്. നിലവില്‍ ബ്രാന്‍ഡും വില്‍പ്പനക്കാരും തമ്മിലുള്ള എസ്പിഒ അനുപാതം 1:2 ആണ്. വന്‍കിട ബ്രാന്‍ഡുകള്‍ സാധാരണ ആമസോണുമായി സഹകരിച്ച് ബ്രാന്‍ഡ് പേജുകളും ബാനര്‍ ആഡുകളും നിര്‍മ്മിക്കാറുണ്ട്. ഇടത്തരം വ്യാപാരികളെക്കാള്‍കൂടുതല്‍ തുക ബ്രാന്‍ഡുകള്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി ചെലവിടുന്നുണ്ട്. അതിനാല്‍ ചെറുകിട വ്യാപാരികളെ സംബന്ധിച്ചിടത്തോളം എസ്പിഒ കൂടുതല്‍ പ്രോത്സാഹനകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷാവസരങ്ങളിലും സെയ്ല്‍ സീസണുകളിലും ചെറുകിട വില്‍പ്പനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ ആമസോണ്‍ തന്നെ പ്രെമോഷനുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് വ്യാപാരികളെ സഹായിക്കാറുണ്ട്.

Comments

comments

Categories: Branding