നോട്ട് 7ന്റെ പൊട്ടിത്തെറിക്കു പിന്നില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തകരാറുകളില്ലെന്ന് റിപ്പോര്‍ട്ട്

നോട്ട് 7ന്റെ പൊട്ടിത്തെറിക്കു പിന്നില്‍ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ തകരാറുകളില്ലെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗിന്റെ ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ തീപിടിച്ചതിനും പൊട്ടിത്തെറിച്ചതിനും ഹാര്‍ഡ്‌വെയറോ സോഫ്റ്റ് വെയറോ കാരണമായിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്കുള്ള പ്രധാന കാരണം ബാറ്ററിയാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നോട്ട് 7 പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കമ്പനി ആഗോള വ്യാപകമായി ഇവയുടെ നിര്‍മാണവും വില്‍പ്പനയും നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ് നടത്തിയ അന്വേഷണത്തിലാണ് ബാറ്ററിയുടെ പ്രശ്‌നം സംബന്ധിച്ച കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

തീപിടുത്തതിന് കാരണം ബാറ്ററിയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് സാംസംഗ് ഫോണുകള്‍ തിരിച്ച് വിളിക്കുകയും ബാറ്ററി പ്രശ്‌നം പരിഹരിച്ച് ഫോണ്‍ മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷവും ഫോണ്‍ തീപിടിക്കുന്നതായി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് കമ്പനി നോട്ട് 7 നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്. ബാറ്ററി പ്രശ്‌നം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സാംസംഗ് ജനുവരി 23ന് പുറത്തുവിടുമെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം ഭാവിയില്‍ പുറത്തിറക്കാന്‍ പോകുന്ന ഡിവൈസുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി സ്വീകരിച്ച നടപടികളും കമ്പനി പുറത്തുവിടും. ഈ മാസം 22ന് നാലാം പാദ ഫലവും സാംസംഗ് ഇലക്ട്രോണിക്‌സ് പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക വിവരം.

ടെക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമെന്നാണ് സാംസംഗ് ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണിന്റെ നിലവാരത്തകര്‍ച്ചയെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതിനു ശേഷം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കമ്പനി കടന്നു പോയത്. ഈ വര്‍ഷം ആദ്യ പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി എസ്8ന്റെ അവതരണത്തിനു മുന്നോടിയായി സാംസംഗ് ഡിവൈസുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.

Comments

comments

Categories: Slider, Top Stories