നാറ്റോ സഖ്യം കാലഹരണപ്പെട്ടതെന്ന് ഡൊണാള്‍ഡ് ട്രംപ്

നാറ്റോ സഖ്യം കാലഹരണപ്പെട്ടതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : നാറ്റോ സഖ്യത്തെ തള്ളി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ സഖ്യം കാലഹരണപ്പെട്ടുവെന്ന് ട്രംപ് തുറന്നടിച്ചു. നാറ്റോ സഖ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും ചില അംഗരാജ്യങ്ങള്‍ വേണ്ടവിധത്തില്‍ സഹകരിക്കുന്നില്ല. അമേരിക്ക അംഗരാജ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ആ രാജ്യങ്ങള്‍ ആവശ്യമായ ഫണ്ട് തരപ്പെടുത്തുന്നില്ല. ഇത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു. ജര്‍മനിയിലെ ബില്‍ഡ്, ഇംഗ്ലണ്ടിലെ ടൈംസ് ഓഫ് ലണ്ടന്‍ എന്നീ പത്രങ്ങള്‍ക്ക് സംയുക്ത അഭിമുഖം അനുവദിക്കുകയായിരുന്നു നിയുക്ത പ്രസിഡന്റ്. ഭീകരതയ്‌ക്കെതിരെ നാറ്റോ യാതൊന്നും ചെയ്യുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആണവായുധ ശേഷി പരിമിതപ്പെടുത്തുന്നതിന് റഷ്യയുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. റഷ്യയുമായി നല്ല ബന്ധം വളര്‍ത്തുന്നതില്‍ ട്രംപ് താല്‍പ്പര്യം കാണിച്ചതായി ടൈംസ് ഓഫ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ക്രിമിയയെ കീഴ്‌പ്പെടുത്തിയതിനെതിരെയും സിറിയന്‍ ഗവണ്‍മെന്റിന് സൈനിക പിന്തുണ നല്‍കുന്നതിനെതിരെയും അമേരിക്ക റഷ്യയ്ക്കുമേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്ന കാര്യവും ട്രംപ് സൂചിപ്പിച്ചു. ആണവായുധങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റ നയം സംബന്ധിച്ച ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ നടപടികള്‍ തെറ്റാണ്. മെര്‍ക്കലിന്റെ കുടിയേറ്റ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജര്‍മ്മനിയില്‍ കാണാനാവുന്നത്. നാലാം വട്ടം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ആഞ്ചല തെരഞ്ഞെടുക്കപ്പെടുമോയെന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ട്രംപ് പറയുന്നു. ‘എല്ലാ നിയമവിരുദ്ധരെയും’ രാജ്യത്ത് പ്രവേശിപ്പിക്കുക വഴി ആഞ്ചല ജര്‍മനിയെ വേദനിപ്പിച്ചെന്നും ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു.

ബിഎംഡബ്ല്യു മെക്‌സിക്കോയില്‍ പ്ലാന്റ് തുടങ്ങിയാല്‍ അമേരിക്കയിലേക്കുള്ള അവരുടെ കാര്‍ ഇറക്കുമതിക്ക് 35 ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. അമേരിക്കയില്‍ തന്നെ നിര്‍മാണം തുടങ്ങാന്‍ ട്രംപ് കമ്പനിയോട് നിര്‍ദേശിച്ചു. ഇറാഖ് ആക്രമിക്കാനുള്ള ബുഷ് ഭരണകൂടത്തിന്റെ തീരുമാനം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമായിരുന്നുവെന്ന് പറഞ്ഞ ട്രംപ് അമേരിക്കയിലേക്ക് വരുന്ന യൂറോപ്യന്‍മാരെയടക്കം കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories
Tags: expires, Nato, Trump