മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡി 

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡി 

 

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ നോണ്‍ കണ്‍വര്‍ട്ടബിള്‍ റിഡീമബിള്‍ ഡിബഞ്ചറുകളുടെ 16 മതു സീരീസ് പബ്ലിക് ഇഷ്യൂ ഈ മാസം 17 ന് ആരംഭിക്കും. ഫെബ്രുവരി 17 വരെയാണ് ഇഷ്യൂ തുടരുക. ഇത് നേരത്തെ അവസാനിപ്പിക്കാനോ ദീര്‍ഘിപ്പിക്കാനോ വ്യവസ്ഥയുമുണ്ട്. സെക്യുവേര്‍ഡ് വിഭാഗത്തില്‍ പെട്ട ആയിരം രൂപ മുഖവിലയുള്ള 1300 കോടി രൂപ വരെയും അണ്‍ സെക്യുവേര്‍ഡ് വിഭാഗത്തില്‍പ്പെട്ട ആയിരം രൂപ മുഖവിലയുള്ള നൂറു കോടി രൂപ വരേയും ഉള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ വഴി ആകെ 1400 കോടി രൂപയാണ് സമാഹരിക്കുന്നത്. 1400 കോടി രൂപ വരെയുള്ള അധിക സബ്‌സ്‌ക്രിപ്ഷന്‍ കൈവശം വെക്കാനുള്ള വ്യവസ്ഥയും ഈ ഇഷ്യൂവില്‍ ഉണ്ടായിരിക്കും. ക്രിസില്‍ ഐസിആര്‍എ എന്നീ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ഈ ഇഷ്യൂ വിലയിരുത്തി ദീര്‍ഘകാല കടപ്പത്ര വിഭാഗത്തില്‍ എഎ/സ്റ്റേബിള്‍ എന്ന റേറ്റിങ് നല്‍കിയിട്ടുണ്ട്.

സമയാ സമയങ്ങളില്‍ സാമ്പത്തിക ബാധ്യതകള്‍ പാലിക്കുന്നതിലും ക്രെഡിറ്റ് നഷ്ട സാധ്യതകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷിതത്വമാണ് ഈ റേറ്റിങ് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ നല്‍കുന്ന തരത്തിലും കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കുന്ന തരത്തിലും 8.25 ശതമാനം മുതല്‍ 9.25 ശതമാനം വരെ നേട്ടം ലഭിക്കുന്ന പത്തു വിവിധ നിക്ഷേപ രീതികളാണ് ചെറുകിട നിക്ഷേപകര്‍ക്കായുള്ള സെക്യൂവേര്‍ഡ് എന്‍സിഡികള്‍ക്കായുള്ളത്. അണ്‍ സെക്യൂവേര്‍ഡ് എന്‍സിഡികളില്‍ ചെറുകിട നിക്ഷേപകര്‍ക്ക് 9.06 ശതമാനം നേട്ടം ലഭിക്കുന്ന തരത്തില്‍ നിക്ഷേപ തുക 96 മാസം കൊണ്ട് ഇരട്ടിക്കും. കമ്പനിയുടെ വായ്പാ പദ്ധതികള്‍ക്കായാവും ഇങ്ങനെ സമാഹരിക്കുന്ന തുക പ്രാഥമികമായി ഉപയോഗിക്കുക. തങ്ങളുടെ ദീര്‍ഘകാല കടപ്പത്ര നിക്ഷേപങ്ങള്‍ക്ക് എഎ/സ്റ്റേബിള്‍ എന്ന നിലയിലേക്ക് ക്രിസിലും ഐസിആര്‍എയും റേറ്റിങ് ഉയര്‍ത്തിയ ശേഷം നടത്തുന്ന കമ്പനിയുടെ ആദ്യ പബ്ലിക് ഇഷ്യൂ ആണിതെന്ന് ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളും ബാങ്ക് നിക്ഷേപങ്ങളിലെ കുറഞ്ഞ പലിശ നിരക്കും കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ ഇഷ്യുവിലെ നിരക്ക് ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ഏറെ ആകര്‍ഷകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഷ്യൂവിലെ 70 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding