അഫോര്‍ഡബിള്‍ ഹൗസിംഗ്: 6.25 ലക്ഷം കോടി വിപണിയാകുമെന്ന് ഇക്ര

അഫോര്‍ഡബിള്‍ ഹൗസിംഗ്: 6.25 ലക്ഷം കോടി വിപണിയാകുമെന്ന് ഇക്ര

 
ന്യൂഡല്‍ഹി: രാജ്യത്തെ അഫോര്‍ഡബിള്‍ ഹൗസിംഗ് വിപണി 2022 ഓടെ 6.25 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഇക്ര. ചെലവ് താങ്ങാവുന്ന വീടുകള്‍ക്കുള്ള ഡിമാന്‍ഡ് ആരോഗ്യപരമായ വളര്‍ച്ച കൈവരിക്കല്‍, വര്‍ധിച്ചുവരുന്ന ജനസംഖ്യ, യുവ ജനസംഖ്യാ പ്രൊഫൈല്‍, അണു കുടുംബങ്ങള്‍ക്കും നഗരവത്കരണത്തിലേക്കുമുള്ള ദ്രുതഗതിയിലുള്ള മാറ്റം എന്നിവയാണ് വിപണി വളര്‍ച്ച കൈവരിക്കുന്നതിനുള്ള കാരണങ്ങളായി ഇക്ര ചൂണ്ടിക്കാണിക്കുന്നത്.
കുടുംബ വരുമാനത്തിലുണ്ടാകുന്ന അന്തരം, ഹൈ എന്‍ഡ് ഉപയോക്താക്കള്‍ നിയന്ത്രിക്കുന്ന വിപണി, ഉയര്‍ന്ന ഭവന വില എന്നിവയും ഈ സെഗ്മെന്റില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ഏജന്‍സി പറഞ്ഞു.
രാജ്യത്തെ ഭവന രഹിതരുടെ നിലവിലുള്ള എണ്ണം 19 ദശലക്ഷം യൂണിറ്റാണ്. നിലവിലെ തലത്തില്‍ നിന്നുള്ള സ്ഥിരതയുള്ള ശതാബ്ദ വളര്‍ച്ചാ നിരക്ക് അടിസ്ഥാനമാക്കി 2021ല്‍ ഭവന രഹിതരുടെ എണ്ണം 25 ദശലക്ഷമാകുമെന്നാണ് കരുതുന്നത്. യൂണിറ്റിന് 25 ലക്ഷം ശരാശരി വില കണക്കാക്കിയാല്‍ തന്നെ അഫോര്‍ഡബിള്‍ ഭവന പദ്ധതികള്‍ക്ക് 6.25 ലക്ഷം കോടി വിപണി സാധ്യതകളുണ്ട്. ഇക്ര കോര്‍പ്പറേറ്റ് റേറ്റിംഗ് ഗ്രൂപ്പ് മേധാവി കെ രവിചന്ദ്രന്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ അല്ലെങ്കില്‍ അംഗീകാരമില്ലാത്ത ചെറുകിട നിര്‍മാതാക്കളോ ആണ് ഇത്തരം പദ്ധതികള്‍ കൂടുതലും ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഈ സെഗ്‌മെന്റില്‍ വിതരണം കുറവാണ്. ഇത്തരം വീടുകള്‍ നിര്‍മിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ആനുകൂല്യങ്ങളും വിപണി നേട്ടത്തിലെത്തുന്നതിന് കാരണങ്ങളാകുമെന്നും ഇക്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള (ഇഡബ്ല്യൂഎസ്) ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിന് (ലോവര്‍ ഇന്‍കം ഗ്രൂപ്പ്) പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് കീഴില്‍ ഭവന വായ്പകളുടെ പലിശയ്ക്ക് അധിക വരുമാന നികുതി ഇളവും നല്‍കിയിട്ടുണ്ട്. അടുത്തിടെ ഇത്തരം വായ്പകളുടെ പലിശയില്‍ യഥാക്രമം ഒന്‍പത് ലക്ഷം രൂപയ്ക്ക് മൂന്ന് ശതമാനവും 12 ലക്ഷം രൂപയ്ക്ക് നാല് ശതമാനവും പലിശ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതികള്‍ക്ക് കമ്പനികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാതിരിക്കുന്നത് നഷ്ടം നേരിടുമെന്ന് ഭയന്നിട്ടാണ്. കൃത്യമായ ബജറ്റിനുള്ളില്‍ കൃത്യമായ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് പദ്ധതി ലാഭകരമാവുക. എന്നാല്‍, ഭൂമി ഏറ്റെടുക്കല്‍ മുതല്‍ പദ്ധതിക്കുള്ള അനുമതി ലഭിക്കല്‍ വരെയുള്ളവയാണ് കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ദുര്‍ബലമായ ഉപഭോക്തൃ വികാരവും അഫോര്‍ഡബിള്‍ പദ്ധതികളുടെ കുറവും മൊത്തത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുറഞ്ഞ കാലത്തേക്ക് തിരിച്ചടിയിലാണെന്നാണ് ഇക്ര വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy