ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഐടിഡബ്ല്യു

ഇന്ത്യന്‍ വിപണി  പിടിക്കാന്‍  ഐടിഡബ്ല്യു

 

മുംബൈ: ഇന്ത്യയിലെ കായിക, വിനോദ രംഗങ്ങളിലെ സാധ്യതകള്‍ മുതലെടുക്കുക ലക്ഷ്യമിട്ട് ആഗോള സ്‌പോര്‍ട്‌സ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് മാനേജ്‌മെന്റ് കമ്പനിയായ ഐടിഡബ്ല്യു രംഗത്ത്. വിപണിയെ കൂടുതല്‍ അര്‍ത്ഥവത്തായ വിധം സമീപിക്കുന്നതിന് ഐടിഡബ്ല്യു പ്ലേവോര്‍ക്‌സ് എന്ന പേരില്‍ പുതിയ ശാഖ തുറന്നു.
എന്റര്‍ടെയ്‌മെന്റ്, മീഡിയ, കമ്യൂണിക്കേഷന്‍സ് യൂണിറ്റായ പ്ലേവോര്‍ക്‌സിന്റെ ആസ്ഥാനം മുംബൈയാണ്. ഡെല്‍ഹി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ അതിന് ഓഫീസുകളുണ്ടായിരിക്കും. പുതിയ പദ്ധതികളുടെ ഭാഗമായി ഡെന്റസു ഏജീസ് നെറ്റ്‌വര്‍ക്കിന്റെ എക്‌സ്‌പെരിമെന്റല്‍ വിഭാഗം പിഎസ് ലൈവിന്റെ മുന്‍ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ ഘോഷിനെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായും ഐടിഡബ്ല്യു നിയമിച്ചിട്ടുണ്ട്.
കൂടുതല്‍ പേരിലേക്ക് എത്തിച്ചേരുന്നതിന് പരമ്പരാഗത രീതികളില്‍ നിന്നു വേറിട്ട ശൈലി പിന്തുടരുന്ന മാധ്യമങ്ങളെയാണ് ബ്രാന്‍ഡുകള്‍ ഇന്നേറെ സമീപിക്കുന്നത്. പരീക്ഷണങ്ങള്‍ നിറഞ്ഞ സേവനങ്ങളുടെ ആവശ്യം ദിനംപ്രതി ഏറിവരുന്നു. സ്‌പോര്‍ട്‌സ്, വിനോദം എന്നിവയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളും ഇന്റര്‍നെറ്റ് പ്രോട്ടോക്കോളുകളും (ഐപികള്‍) വികസിപ്പിച്ചെടുക്കുന്നതിനാണ് ഐടിഡബ്ല്യു പ്ലേവോര്‍ക്‌സില്‍ പ്രാധാന്യം നല്‍കുന്നത്. ഇത് കൂടാതെ, ബ്രാന്‍ഡുകള്‍ക്ക് സംയോജിത പരിഹാര മാര്‍ഗങ്ങളും പ്രദാനം ചെയ്യും-സിദ്ധാര്‍ത്ഥ് ഘോഷ് വ്യക്തമാക്കി. ഇതിന് പുറമെ, ആര്‍ട്ടിസ്റ്റ് മാനേജ്‌മെന്റ്, സിനിമയ്ക്കകത്തും പുറത്തുമുള്ള ഏകീകരണം എന്നീ മേഖലകളിലും പ്ലേവോര്‍ക്‌സ് പ്രവര്‍ത്തിക്കും. പുതു തലമുറയിലെ മാധ്യമങ്ങളുമായി ചേര്‍ന്ന് ബ്രാന്‍ഡുകള്‍ക്ക് നൂതന അവസരങ്ങളൊരുക്കുമെന്ന് ഐടിഡബ്ല്യുവിന്റെ പങ്കാളിയായ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് കൊമേഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ എം എസ് മുരളീധരന്‍ പറഞ്ഞു.

Comments

comments

Categories: Branding, Sports