ബജറ്റ് പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന വിപണി

ബജറ്റ് പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന വിപണി


ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ കനത്ത ആഘാതമേല്‍പ്പിച്ച ഇന്ത്യ വാഹന വിപണിക്ക് പ്രതീക്ഷ കേന്ദ്ര ബജറ്റ്. അടുത്ത മാസം ഒന്നിന് പ്രഖ്യാപിക്കുമെന്ന് കരുതന്ന കേന്ദ്ര ബജറ്റില്‍ ഉപഭോക്താക്കളുടെ ഡിമാന്‍ഡ് വിപണിയില്‍ വീണ്ടും തിരിച്ചെത്തിക്കുമെന്നാണ് വാഹന വിപണി പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കുമെന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ വന്‍ തിരിച്ചടി നേരിട്ട വാഹന വിപണിയില്‍ കഴിഞ്ഞ മാസം നേരിട്ടത് 16 വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ്. ഈ തിരിച്ചടിയില്‍ നിന്നും കരകയറുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘന സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) ഡയറക്റ്റര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ മൊത്തം സാമ്പത്തികാവസ്ഥ മെച്ചെപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാവുകയെന്നാണ് വ്യാവസായിക വാണിജ്യ ലോകത്തിന്റെ പ്രതീക്ഷ. എന്നാല്‍ ആധുനിക വാഹന സംവിധാനങ്ങള്‍ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കണമെന്നാണ് ഓട്ടോമൊബീല്‍ വിപണി ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രിക്ക് മൊബിറ്റി മിഷന്റെ കീഴിലിലുള്ള ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (ഫെയിം) നല്‍കുന്ന ആനുകൂല്യങ്ങള്‍ തുടരണമെന്നും ബജറ്റില്‍ നിര്‍ദേശിക്കണം. ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് മനസിലാക്കി കൂടുതല്‍ കമ്പനികള്‍ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നത് ആനൂകൂല്യം വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സിയാം അഭിപ്രായപ്പെടുന്നു.
വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിനായാണ് 2015 ഫെയിം പദ്ധതി സര്‍ക്കാര്‍ ഒരുക്കിയത്. ഇലക്ട്രിക്ക് ഹൈബ്രിഡ് ബൈക്കുകള്‍ക്ക് 29,000 രൂപയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുക.
സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് ചരക്കു സേവന നികുതി ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ഉദ്യമവും സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും സിയാം മേധാവി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy