ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍: 7,500 താല്‍ക്കാലിക തൊഴിലവസരങ്ങളൊരുക്കി ആമസോണ്‍ ഇന്ത്യ

ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:  7,500 താല്‍ക്കാലിക തൊഴിലവസരങ്ങളൊരുക്കി ആമസോണ്‍ ഇന്ത്യ

 

ന്യൂഡെല്‍ഹി: ‘ഗ്രേറ്റ് ഇന്ത്യന്‍ സെയിലി’ന്റെ ഭാഗമായി 7,500ല്‍ അധികം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍ ഇന്ത്യ പദ്ധതി. ഉല്‍പ്പന്നങ്ങളുടെ ഡെലിവെറി സുഗമമാക്കുന്നതിനായി ലോജിസ്റ്റിക്‌സ് വിഭാഗത്തിലായിരിക്കും കൂടുതല്‍ നിയമനങ്ങളെന്നും കമ്പനി അറിയിച്ചു. ജനുവരി 20 മുതല്‍ 22 വരെയാണ് ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍’ സംഘടിപ്പിക്കുന്നത്.
7,500ല്‍ അധികം താല്‍ക്കാലിക തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. രാജ്യത്തെ 27 ഫുള്‍ഫില്‍മെന്റ് സെന്ററുകളിലും 100ല്‍ അധികം ഡെലിവെറി സ്റ്റേഷനുകളിലും 15നടുത്ത് സോര്‍ട്ട് സെന്ററുകളില്‍ തൊഴിലവസരമുണ്ടാകുമെന്ന് ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് അഖില്‍ സക്‌സേന പറഞ്ഞു. ഈ വര്‍ഷം മൊത്തമായി ആയിരക്കണക്കിന് താല്‍ക്കാലിക തൊഴിലവസരങ്ങളും ദീര്‍ഘകാല കരിയര്‍ വികസനത്തിന് ആവശ്യമായ അവസരങ്ങളും കമ്പനി ഒരുക്കുമെന്നും സക്‌സേന വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇ-കൊമേഴ്‌സ് വിപണിയായ ഇന്ത്യയില്‍ മുന്‍ നിര കമ്പനികളായ ഫ്‌ളിപ്പ്കാര്‍ട്ടിനെയും സ്‌നാപ്ഡീലിനെയും നേരിട്ട് തങ്ങളുടെ മുന്നേറ്റം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള തീവ്ര പരിശ്രമത്തിലാണ് ആമാസോണ്‍ ഇന്ത്യ. അടിസ്ഥാന സൗകര്യവികസനത്തിലും ഡെലിവെറി ശേഷി വികസിപ്പിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ച് ഭീമമായ നിക്ഷേപമാണ് ആമസോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ആറ് ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് ആമസോണ്‍ ഇന്ത്യയില്‍ തുറന്നത്. 10 സംസ്ഥാനങ്ങളിലായി ആമസോണിന് 27 ഫുള്‍ഫില്‍മെന്റ് സെന്ററുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള കമ്പനിയുടെ വിപുലീകരണ ശ്രമങ്ങള്‍ ആയിരത്തിലധികം വില്‍പ്പനക്കാരെ രാജ്യത്തെ ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിന് സഹായിക്കും. കൂടുതല്‍ ഇടങ്ങളിലേക്ക് വേഗത്തില്‍ ഡെലിവെറി നടത്തുന്നതിനും ഇത് സഹായകമാകുമെന്ന് അഖില്‍ സക്‌സേന വ്യക്തമാക്കി. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories