സോളാര്‍ ലക്ഷ്യത്തില്‍ നിന്നകന്ന് 25ഓളം സംസ്ഥാനങ്ങള്‍

സോളാര്‍ ലക്ഷ്യത്തില്‍ നിന്നകന്ന് 25ഓളം സംസ്ഥാനങ്ങള്‍

കൊല്‍ക്കത്ത: സോളാര്‍ പദ്ധതികളില്‍ നിന്ന് 100 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കണമെന്നുള്ള ലക്ഷ്യത്തില്‍ നിന്നകന്ന് 25 സംസ്ഥാനങ്ങള്‍. നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കേണ്ട 2000 മെഗാവാട്ട് ശേഷിയെന്ന ലക്ഷ്യം പോലും ഭൂരിഭാഗം സംസ്ഥാനങ്ങളും കൈവരിച്ചിട്ടില്ല. 100 ജിഗാവാട്ടെന്ന ലക്ഷ്യത്തിലെത്താന്‍ ഇനി ആറു വര്‍ഷം മാത്രമാണ് അവശേഷിക്കുന്നത്.
മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഹരിയാന, ഝാര്‍ഖണ്ഡ്, ഒഡീഷ, ജമ്മു കശ്മീര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് സൗരോര്‍ജ്ജ പദ്ധതികളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ലക്ഷ്യംവച്ചതിന്റെ 100 മെഗാവാട്ടിലധികം കുറവാണ് ഇവ കൈവരിച്ചിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, ഹിമാചല്‍ പ്രദേശ്, ആന്ധ്ര പ്രദേശ് എന്നിവ മാത്രമേ സൗരോര്‍ജ്ജ പദ്ധതികളില്‍ ലക്ഷ്യം കൈവരിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ രേഖകകള്‍ പറയുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിരുന്നതിന്റെ 60 ശതമാനത്തോളം ഇനിയും നേടാനുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ 59 ശതമാനം വരെ ലക്ഷ്യം ഇനിയും നേടിയെടുക്കണം. അതേസമയം, മണിപ്പൂര്‍, ഗോവ എന്നിവ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ഒരു പദ്ധതി പോലും ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ല. 2016-17 ധനകാര്യ വര്‍ഷത്തേക്ക് അതാതു സംസ്ഥാനങ്ങളിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകള്‍ വ്യക്തമാക്കിയതു പ്രകാരമുള്ള പാരമ്പര്യേത ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നു വാങ്ങിയ വൈദ്യുതിയുടെ പരിധി സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോള്‍, 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 2030 മെഗാവാട്ട് സോളാര്‍ വൈദ്യുതി ശേഷിയാണ് കൈവരിച്ചിരിക്കുന്നതെന്ന് കേന്ദ്ര പാരമ്പര്യേത ഊര്‍ജ്ജ മന്ത്രാലയം അടുത്തിടെ പ്രസിദ്ധീകരിച്ച രേഖകള്‍ വെളിപ്പെടുത്തുന്നു.

Comments

comments

Categories: Business & Economy