യോഗേശ്വര്‍ ദത്ത് സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരുരൂപ

യോഗേശ്വര്‍ ദത്ത് സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരുരൂപ

 

റോത്തക്: ഇന്ന് വിവാഹിതനാകുന്ന ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് സ്ത്രീധനമായി ആവശ്യപ്പെട്ടത് വെറും ഒരുരൂപ. സ്വന്തം സഹോദരിമാരുടെ വിവാഹ സമയത്ത് മാതാപിതാക്കള്‍ സ്ത്രീധനത്തിനുവേണ്ടി കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ താന്‍ വിവാഹിതനാകുമ്പോള്‍ പണം വാങ്ങില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നുവെന്നും ഒളിംപിക് മെഡല്‍ ജേതാവുകൂടിയായ യോഗേശ്വര്‍ ദത്ത് പറഞ്ഞു.

സ്ത്രീധനം വാങ്ങാതിരിക്കുന്നതിലൂടെ തന്റെ ആഗ്രഹം സഫലീകരിക്കപ്പെടുകയാണെന്നും യോഗേശ്വര്‍ ദത്ത് കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാഹമെന്നത് ജീവിതത്തിലെ വളരെ പവിത്രവും പ്രത്യേകതയുള്ളതുമായ കാര്യമാണെന്നും അതിനാല്‍ മറ്റുള്ളവരുടെ കണ്ണ് തട്ടാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് ഒരുരൂപ സ്ത്രീധനമായി വധുവിന്റെ മാതാപിതാക്കളില്‍ നിന്നും വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ വിവാഹ ചടങ്ങുകളില്‍ പങ്കാളികളാകുന്നതിനായി അച്ഛനായ രമേഹര്‍ ദത്തും ആദ്യ പരിശീലകനായ സത്ബീര്‍ സിംഗും ജീവിച്ചിരിക്കുന്നതില്‍ വളരെയധികം സന്തോഷം നല്‍കുന്നുവെന്നും മുപ്പത്തിനാലുകാരനായ യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളിലൊരാളായ ജയ്ഭഗ്‌വാന്‍ ശര്‍മയുടെ മകള്‍ ശീതളിനെയാണ് യോഗേശ്വര്‍ ദത്ത് വിവാഹം കഴിക്കുന്നത്.

Comments

comments

Categories: Sports, Trending