സ്പാനിഷ് ലീഗ്: അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

സ്പാനിഷ് ലീഗ്:  അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഡീഗോ സിമിയോണിയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി അര്‍ജന്റൈന്‍ താരമായ നിക്കോ ഗെയ്റ്റനാണ് ഗോള്‍ നേടിയത്.

മത്സരത്തിന്റെ എട്ടാം മിനുറ്റിലായിരുന്നു നിക്കോ ഗെയ്റ്റന്റെ റയല്‍ ബെറ്റിസിനെതിരായ ജയം. സ്പാനിഷ് ലാ ലിഗയിലെ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണ ലാസ് പാല്‍മാസിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. ബാഴ്‌സലോണയക്ക് വേണ്ടി ലൂയി സുവാരസ് രണ്ടും ലയണല്‍ മെസ്സി, അര്‍ദ ടുറാന്‍, അലക്‌സ് വിദാല്‍ എന്നിവര്‍ ഓരോന്ന് വീതവും ഗോളുകള്‍ നേടി.

മത്സരത്തിന്റെ പതിനാലാം മിനുറ്റില്‍ ഉറുഗ്വായുടെ ലൂയി സുവാരസിലൂടെയാണ് ബാഴ്‌സലോണ ഗോള്‍ വേട്ട തുടങ്ങിയത്. രണ്ടാം പകുതിയുടെ അന്‍പത്തി രണ്ടാം മിനുറ്റിലായിരുന്നു അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയുടെ ഗോള്‍. അമ്പത്തേഴാം മിനുറ്റില്‍ ലൂയി സുവാരസ് ബാഴ്‌സലോണയ്ക്ക് വേണ്ടി വീണ്ടും വല കുലുക്കി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം ടര്‍ക്കിഷ് താരമായ അര്‍ദ ടുറാനും സ്‌കോര്‍ ചെയ്തു.

നിശ്ചിത സമയം തീരാന്‍ പത്ത് മിനുറ്റുകള്‍ ശേഷിക്കവെയാണ് സ്പാനിഷ് താരമായ അലക്‌സ് വിദാല്‍ ഗോള്‍ നേടിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ ബെഞ്ചിലിരുത്തിയായിരുന്നു പരിശീലകനായ ലൂയിസ് എന്റിക്വെ ബാഴ്‌സലോണയെ കളത്തിലിറക്കിയത്. ലാസ് പാല്‍മാസിനെതിരെ ഇരട്ട ഗോളുകള്‍ കണ്ടെത്തിയ ലൂയി സുവാരസ് സീസണില്‍ തന്റെ ഗോള്‍ നേട്ടം പതിനെട്ടാക്കി ഉയര്‍ത്തി. അതേസമയം, ലെഗാനെസ്-അത്‌ലറ്റികോ ബില്‍ബാവോ, ഡിപോര്‍ട്ടീവോ ലാ കൊരുണ-വിയ്യാറയല്‍ മത്സരങ്ങള്‍ ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയും ചെയ്തു.

പതിനെട്ട് മത്സരങ്ങളില്‍ നിന്നും മുപ്പത്തെട്ട് പോയിന്റുള്ള ബാഴ്‌സലോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്നും മുപ്പത്തിനാല് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാമതും. അതേസമയം, ഇവരേക്കാള്‍ രണ്ട് മത്സരം കുറച്ചിറങ്ങിയ റയല്‍ മാഡ്രിഡാണ് നാല്‍പ്പത് പോയിന്റുമായി ആദ്യ സ്ഥാനത്ത്. മൂന്നാമതുള്ള സെവിയ്യക്ക് പതിനേഴ് കളികളില്‍ നിന്നും മുപ്പത്താറ് പോയിന്റാണുള്ളത്.

Comments

comments

Categories: Sports

Related Articles