ട്രംപിന് മുന്നറിയിപ്പ്: ഏകചൈനാ നയം വിലപേശാനുള്ളതല്ല- ചൈന

ട്രംപിന് മുന്നറിയിപ്പ്:  ഏകചൈനാ നയം വിലപേശാനുള്ളതല്ല- ചൈന

 

ബെയ്ജിംഗ്: ഏകചൈനാ നയം സംബന്ധിച്ച തങ്ങളുടെ നിലപാടില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും തായ്‌വാനുമായുള്ള ‘ബന്ധം’ ഡൊണാള്‍ഡ് ട്രംപ് തിരിച്ചറിയണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസ്-ചൈന ബന്ധം സംബന്ധിച്ച് നിയുക്ത യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന വീണ്ടും പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രതികരണം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രംപ് ചൈനയെ പ്രകോപിപ്പിക്കുന്നത്.

വ്യാപാര-കറന്‍സി വിഷയങ്ങളില്‍ ചൈനയുടെ ‘പുരോഗതി’ വിലയിരുത്തിയശേഷമേ ഏകചൈനാ നയത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തീര്‍ത്തുപറയാന്‍ കഴിയൂ എന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

ചൈന-യുഎസ് ബന്ധത്തിന്റെ രാഷ്ട്രീയ അടിസ്ഥാനമായ ഒറ്റച്ചൈന നയത്തില്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. തായ്‌വാനും ചൈനയും ഒരേ ചൈനയുടെ ഭാഗമാണെന്നാണ് ഏകചൈന നയം വ്യക്തമാക്കുന്നത്. ചൈനീസ് നയത്തിന്റെ അടിസ്ഥാനം ഇതാണെന്നും ഇക്കാര്യത്തില്‍ ട്രംപ് ഉദ്ദേശിക്കുന്നപോലെ വിലപേശാന്‍ കഴിയില്ലെന്നും ലു കാങ് വ്യക്തമാക്കി.

ചൈന-യുഎസ് ബന്ധത്തിലും തന്ത്രപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലും വിള്ളല്‍ വീഴാതിരിക്കാതിരിക്കുന്നതിന് അമേരിക്കയിലെ ബന്ധപ്പെട്ട എല്ലാവരും ചൈനയുടെ തായ്‌വാന്‍ ബന്ധം പൂര്‍ണ്ണമായും അംഗീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമേരിക്ക വിവേകത്തോടെ കൈകാര്യം ചെയ്യണമെന്നും ഇരു പാര്‍ട്ടികളുടേതുമായ മുന്‍ യുഎസ് ഗവണ്‍മെന്റുകളുടെ നിലപാടിനെ ട്രംപ് ഭരണകൂടം മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ആവശ്യപ്പെട്ടു.

ഈ മാസം 20ന് പ്രസിഡന്റായി സ്ഥാനമേറ്റയുടനെ ചൈനയെ കറന്‍സി കൃത്രിമം നടത്തുന്ന രാജ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറല്ലെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിന് അനുവദിച്ച അഭിമുഖത്തില്‍ നിയുക്ത പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ, പ്രസിഡന്റായി സ്ഥാനമേറ്റയുടനെ ചൈനയെ കറന്‍സി കൃത്രിമം നടത്തുന്ന രാജ്യമായി മുദ്ര കുത്തുമെന്നും അമേരിക്കയിലേക്കുള്ള ചൈനീസ് കയറ്റുമതിക്ക് 45 ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ചൈന കറന്‍സി കൃത്രിമം നടത്തുന്നു എന്നത് വാസ്തവമാണെങ്കിലും ഇക്കാര്യത്തില്‍ ആദ്യം ചര്‍ച്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

തായ്‌വാന്‍ സര്‍ക്കാരിനെ അംഗീകരിക്കാത്ത ചൈനയെ അംഗീകരിച്ചുപോന്ന മുന്‍ യുഎസ് സര്‍ക്കാരുകളുടെ നയത്തെ ട്രംപ് ചോദ്യം ചെയ്തിരുന്നു. ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ തടയുന്നതിലുള്ള ചൈനയുടെ പരാജയത്തിനെതിരെയും ട്രംപ് രംഗത്തുവരികയുണ്ടായി.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നും തമ്മില്‍ ഡിസംബര്‍ ആദ്യം നടന്ന ടെലിഫോണ്‍ സംഭാഷണത്തെതുടര്‍ന്നാണ് ട്രംപിനെതിരെ ചൈന രംഗത്തുവന്നത്. 1979 ല്‍ ബെയ്ജിംഗിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അംഗീകരിച്ചശേഷം ഇതാദ്യമായാണ് അമേരിക്കന്‍ നേതൃത്വം തായ്‌വാനുമായി ബന്ധം സ്ഥാപിക്കുന്നത്.

Comments

comments

Categories: Slider, Top Stories