വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ശുപാര്‍ശ

വന്‍കിട ഉപയോക്താക്കളുടെ  വൈദ്യുതി ചാര്‍ജ് കുറയ്ക്കാന്‍ ശുപാര്‍ശ

 

ന്യൂഡെല്‍ഹി: വൈദ്യുതി ചാര്‍ജിന്റെ കാര്യത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. വന്‍കിട ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ ഉന്നതതല സമിതി ശുപാര്‍ശ ചെയ്തു. രാജ്യം വൈദ്യുതി കമ്മിയില്‍ നിന്ന് അധിക വൈദ്യുതി എന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തിയ സാഹചര്യത്തില്‍ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ ഇപ്പോള്‍ വലിയ തുകകളാണ് ബില്ലടയ്ക്കുന്നത്. അതിനാല്‍ അവര്‍ ഉപഭോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നുണ്ട്. വൈദ്യുതി മിച്ചമെന്ന നിലയിലെത്തിയ പശ്ചാത്തലത്തില്‍ ഉപഭോഗം ഉയര്‍ത്താന്‍ നിരക്ക് ഇളവുകളും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നാണ് വിഷയത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി ശുപാര്‍ശ ചെയ്യുന്നത്. വ്യവസായങ്ങള്‍ക്കും മറ്റും രാത്രിയിലും ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്ന സമയങ്ങളിലും നിരക്കിളവ് നല്‍കണമെന്ന് ഇതു സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിക്കുന്നു. മധ്യപ്രദേശിലും മറ്റു ചില സംസ്ഥാനങ്ങളിലും ഇപ്പോള്‍ സമാന ഇളവ് നിലവിലുണ്ടെന്നും അതു വൈദ്യുതി ഉപഭോഗവും ആവശ്യകതയും വര്‍ധിപ്പിച്ചെന്നും സമിതി വിലയിരുത്തി. വൈദ്യുതി ഉറപ്പുവരുത്തിക്കൊണ്ട് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴിലെ നിര്‍മാണം വര്‍ധിപ്പിക്കുക, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരം കൂട്ടുക, നിര്‍മാണ മേഖലയില്‍ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നില്‍വെയ്ക്കുന്നുണ്ട്.
വൈദ്യുതി ക്ഷാമ കാലത്തേക്കുള്ള താരിഫുകളാണ് സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്. സ്വാതന്ത്ര്യാനന്തരം അതില്‍ മാറ്റം വരുത്തിയിട്ടില്ല. വേണ്ടതിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇപ്പോള്‍ രാജ്യത്തിനുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ ചട്ടക്കൂടില്‍ മാറ്റം വരുത്തണം- സമിതിയിലെ ഒരംഗം പറഞ്ഞു.
എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള വൈദ്യുതി നിരക്കുകള്‍ സംസ്ഥാനങ്ങള്‍ പുനര്‍നിര്‍ണയിക്കണം. വ്യവസായ, വാണിജ്യ, സേവന മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. വൈദ്യുതി ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഇളവുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ഉപഭോഗം ഉയര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട സമിതിയില്‍ സെന്‍ട്രല്‍ റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ (സിഇആര്‍സി) സെക്രട്ടറി, ഫിക്കി പ്രസിഡന്റ്, തമിഴ്‌നാട്, ബിഹാര്‍ എന്നിവയുടെ ഊര്‍ജ്ജ സെക്രട്ടറിമാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ ഊര്‍ജ്ജ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ജനുവരി അവസാനത്തോടെ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.

Comments

comments

Categories: Slider, Top Stories