പുതിയ ബിസിനസ് സംരംഭവുമായി വിരാട് കോഹ്‌ലി

പുതിയ ബിസിനസ് സംരംഭവുമായി വിരാട് കോഹ്‌ലി

 

മുംബൈ: ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്‌ലി പുതിയ ബിനിനസ് സംരഭവുമായി രംഗത്ത്. ഹെഡ്‌ഫോണ്‍, ഇയര്‍ഫോണ്‍, സ്പീക്കര്‍ എന്നിവ നിര്‍മിക്കുന്ന മുവ് അക്കോസ്റ്റിക്‌സ് എന്ന കമ്പനിക്കാണ് വിരാട് കോഹ്‌ലി തുടക്കമിട്ടിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിരാട് കോഹ്‌ലി തന്റെ പുതിയ സംരംഭത്തെക്കുറിച്ച് അറിയിച്ചത്.

സംഗീതം തനിക്ക് ഇഷ്ടമാണെന്നും അതായിരുന്നു പുതിയ സംരംഭത്തിന് പ്രചോദനമായതെന്നും ടീം ഇന്ത്യ ക്യാപ്റ്റന്‍ അറിയിച്ചു. രണ്ട് വര്‍ഷത്തോഷമായി താനിതിനു പിന്നില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമ്പനി പൂര്‍ണമായും വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലാണോയെന്നത് വ്യക്തമല്ല. പുതിയ കമ്പനി തുടങ്ങുന്നുവെന്നതിന് മുന്നോടിയായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്ലബിലെ തന്റെ സഹതാരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ്, യുസ്‌വേന്ദ്ര ചാഹല്‍, മന്‍ദീപ് സിംഗ്, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്ക് കോഹ്‌ലി ഹെഡ്‌ഫോണുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

വിരാട് കോഹ് ലിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ എഫ്‌സി ഗോവ, ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗായ യുഎഇ റോയല്‍സ്, ചിസല്‍ ഫിറ്റ്‌നസ് ജിംനേഷ്യം, വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ റോണ്‍, സാമൂഹ്യ മാധ്യമമായ സ്‌പോര്‍ട്ട് കോണ്‍വോ, ഫ്റ്റ്‌നസ് കമ്പനിയായ സ്റ്റെപാത്‌ലണ്‍ എന്നിവയിലെല്ലാം ഓഹരി പങ്കാളിത്തമുണ്ട്.

ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ച് 134.44 കോടി രൂപയാണ് വിരാട് കോഹ്‌ലിയുടെ പരസ്യ വരുമാനം. കോടീശ്വരന്മാരായ ഇന്ത്യന്‍ സെലബ്രിറ്റികളുടെ പട്ടികയില്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്‌ലി.

Comments

comments

Categories: Sports