റീട്ടെയ്ല്‍ പണപ്പെരുപ്പം 3.41 ശതമാനമായി ഇടിഞ്ഞു

റീട്ടെയ്ല്‍ പണപ്പെരുപ്പം 3.41 ശതമാനമായി ഇടിഞ്ഞു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ച നവംബര്‍ മാസം ഇന്ത്യയുടെ ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 5.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. തൊട്ടടുത്ത ഡിസംബര്‍ മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം നവംബറിലെ 3.6 ശതമാനത്തില്‍ നിന്നും 3.41 ശതമാനത്തിലേക്ക് ഇടിഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ഐഐപി (ഇന്‍ഡക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍) ഡാറ്റ വ്യക്തമാക്കുന്നു. ഈ കണക്കുകളില്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ നോട്ട് അസാധുവാക്കല്‍ നടപടിയുടെ പ്രത്യാഘാതം ഒരുപക്ഷേ കണക്കുകളില്‍ പ്രതിഫലിക്കാനാകുന്നതേയുള്ളൂവെന്ന വിലയിരുത്തലിലാണ്.
ഐഐപി ഡാറ്റ അനുസരിച്ച് ഒക്‌റ്റോബറില്‍ രാജ്യത്ത് ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 1.81 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഇതേ മാസം 3.4 ശതമാനം കുറവ് അനുഭവപ്പെട്ട സ്ഥാനത്താണിത്. മാനുഫാക്ച്ചറിംഗ് രംഗത്തെ ഉല്‍പ്പാദനം 5.5 ശതമാനം വര്‍ധിച്ചതാണ് നവംബറില്‍ ഫാക്റ്ററി ഉല്‍പ്പാദനം മെച്ചപ്പെടാന്‍ കാരണമായതെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യുത ഉല്‍പ്പാദനം 8.9 ശതമാനം വര്‍ധിച്ചതോടെ ഖനന ഉല്‍പ്പാദനം 3.9ത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു.
നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഏഴ് മാസക്കാലം രാജ്യത്തെ മൊത്തം ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 3.8 ശതമാനം വളര്‍ച്ചയാണ് ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ ഉണ്ടായിരുന്നത്. ഉപഭോക്തൃ വില സൂചിക അനുസരിച്ച് റീട്ടെയ്ല്‍ പണപ്പെരുപ്പം 2015 ഡിസംബര്‍ മാസത്തെ 5.61 ശതമാനത്തില്‍ നിന്നും കുറഞ്ഞതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഗ്രാമീണ ഇന്ത്യയിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.83 ശതമാനവും രാജ്യത്തെ നഗര മേഖലയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.90 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഐ ഡാറ്റയില്‍ പറയുന്നു.

പച്ചക്കറികളുടെ വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ -14.59 ശതമാനം കുറവും, പയരുവര്‍ഗ്ഗങ്ങളുടെ വിലയില്‍ -1.57 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില 4.40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മത്സ്യം, മാംസം തുടങ്ങിയ പ്രോട്ടീനുകള്‍പ്പെടുന്ന ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ 4.79 ശതമാനം കുറവു വന്നിട്ടുണ്ട്. മുട്ടയുടെ വില 6.41 ശതമാനം വര്‍ധിച്ചു. റീട്ടെയ്ല്‍ പണപ്പരുപ്പം ഏറ്റവും കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ തമിഴ്‌നാടാണ് (1.47%) മുന്നില്‍, തൊട്ടുപുറകില്‍ അസം , ചത്തീസ്ഗഢ് സംസ്ഥാനങ്ങളാണ്. ഏറ്റവും കൂടുതല്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം അടയാളപ്പെടുത്തിയത് ജമ്മു കശ്മീര്‍, ഹിമാചല്‍പ്രദേശ്, ന്യൂഡെല്‍ഹി എന്നിവിടങ്ങളിലാണ്.

Comments

comments

Categories: Slider, Top Stories