പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് പേമെന്റ് സര്‍ചാര്‍ജ് എണ്ണ കമ്പനികളും ബാങ്കുകളും വഹിക്കും

പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് പേമെന്റ് സര്‍ചാര്‍ജ് എണ്ണ കമ്പനികളും ബാങ്കുകളും വഹിക്കും

 

ന്യൂ ഡെല്‍ഹി : പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്റെ സര്‍ചാര്‍ജ് ബാങ്കുകളും എണ്ണ വിതരണ കമ്പനികളും വഹിക്കുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഉപയോക്താക്കളും പമ്പുടമകളും ചാര്‍ജ് നല്‍കേണ്ടതില്ല. മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍), കാര്‍ഡ് മെഷീന്‍ സ്ഥാപിച്ച കമ്പനി നെറ്റ്‌വര്‍ക് പ്രൊവൈഡറും അതാത് ബാങ്കും വീതിച്ചെടുക്കുകയാണ് പതിവ്. ഓരോ തവണ കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇടപാട് തുകയുടെ ശരാശരി ഒരു ശതമാനത്തോളമാണ് എംഡിആര്‍ ആയി ഈടാക്കുന്നത്.

നവംബര്‍ 8 ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപയോക്താക്കളുടെ സൗകര്യം പരിഗണിച്ചും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 0.75 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. അമ്പത് ദിവസത്തേക്ക് എംഡിആറും ഒഴിവാക്കി. നിശ്ചിത കാലാവധി കഴിഞ്ഞതോടെ എംഡിആര്‍ പുനസ്ഥാപിക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ജനുവരി 9 മുതല്‍ പമ്പുടമകളില്‍നിന്ന് എംഡിആര്‍ ഈടാക്കുമെന്നാണ് ബാങ്കുകള്‍ അറിയിച്ചത്. ചില ബാങ്കുകളുടെ കാര്‍ഡ് സൈ്വപിംഗ് മെഷീന്‍ ഉപയോഗിക്കില്ലെന്ന് പമ്പുടമകളും നിലപാടെടുത്തു. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ചാര്‍ജ് ഇനി ഉപയോക്താക്കളോ പമ്പുടമകളോ നല്‍കേണ്ടതില്ലെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. എംഡിആര്‍ ബാങ്കുകളും എണ്ണവിതരണ കമ്പനികളും ചേര്‍ന്ന് വഹിക്കുമെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. എംഡിആറില്‍നിന്ന് ഉപയോക്താക്കളെയും പമ്പുടമകളെയും ഒഴിവാക്കാന്‍ ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചതെന്ന് ബാങ്കുകളും എണ്ണവിതരണ കമ്പനികളുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി ട്വീറ്റ് ചെയ്തു. ജനുവരി 16 ഓടെ ഇക്കാര്യത്തില്‍ ബാങ്കുകളും എണ്ണ കമ്പനികളും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Comments

comments

Categories: Slider, Top Stories