ഇറ്റാലിയന്‍ കപ്പ്: എസി മിലാന് ജയം

ഇറ്റാലിയന്‍ കപ്പ്:  എസി മിലാന് ജയം

 

മിലാന്‍: ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളില്‍ ടോറിനോയ്‌ക്കെതിരെ എസി മിലാന് ജയം. എസി മിലാന്റെ തട്ടകമായ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോറിനോയെ ആതിഥേയര്‍ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ താരമായ ആന്‍ഡ്രിയ ബെലോട്ടിയിലൂടെ ടോറിനോയാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ അറുപത്തൊന്നാം മിനുറ്റില്‍ ചെകോസ്ലോവോക്യന്‍ കളിക്കാരനായ ജുറാജ് കൂക്കയിലൂടെ എസി മിലാന്‍ സമനില പിടിച്ചു.

ആദ്യ ഗോള്‍ വന്നതിന് മൂന്ന് മിനുറ്റുകള്‍ക്ക് ശേഷം ഇറ്റാലിയന്‍ ഫുട്‌ബോളറായ ജിയോകോമോ ബൊനവെഞ്ച്വറയും ടോറിനോയുടെ വലകുലുക്കിയതോടെ ആതിഥേയര്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം കരസ്ഥമാക്കുകയായിരുന്നു.

എസി മിലാന്റെ രണ്ട് ഗോളുകളും പിറന്നത് സ്പാനിഷ് താരവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂളിന്റെ മുന്‍ മിഡ്ഫീല്‍ഡറുമായ സുസോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണടിസ്ഥാനത്തില്‍ ടോറിനോയ്ക്ക് വേണ്ടി കളിക്കുന്ന ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ടിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ എതിര്‍ കളിക്കാരന്റെ ചവിട്ടേറ്റ് മുഖത്ത് പരിക്കേറ്റെങ്കിലും നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹം മത്സരത്തിന്റെ അവസാനം വരെ കളത്തില്‍ തുടരുകയും ചെയ്തു.

Comments

comments

Categories: Sports