തെരഞ്ഞെടുപ്പിലെ അമേരിക്കയുടെ അട്ടിമറി ചരിത്രം

തെരഞ്ഞെടുപ്പിലെ അമേരിക്കയുടെ അട്ടിമറി ചരിത്രം

യുഎസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ നടത്തിയ ഇടപെടല്‍ വാഷിംഗ്ടണിനെ പിടിച്ചുലച്ചിരിക്കുകയാണല്ലോ. ഈ വിഷയത്തിന്റെ പേരില്‍ സമീപകാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത വിധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തിരിക്കുന്നു. റഷ്യയുടെ നയതന്ത്രജ്ഞരെ പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അമേരിക്കയുടെ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപെട്ട സംഭവത്തെ വിമര്‍ശിച്ചു യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ പോള്‍ റയാന്‍ രംഗത്തുവന്നു. റഷ്യക്കെതിരേ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ സംസാരിക്കുകയുണ്ടായി. അമേരിക്കയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശരാജ്യങ്ങളുടെ കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് റയാന്‍ പറയുകയുണ്ടായി.

റഷ്യയുടെ പ്രവര്‍ത്തികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങള്‍ക്കു നേരേയുള്ള വെല്ലുവിളിയാണെന്നു നിയമനിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത് അമേരിക്കയെ ഞെട്ടിക്കുന്നതായും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ ധാര്‍മികരോഷം അണപൊട്ടിയൊഴുകുകയാണ് അമേരിക്കയിലെങ്ങും. സ്വന്തം രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വിദേശത്തുനിന്നും അട്ടിമറിക്കാന്‍ ശ്രമമുണ്ടായത് അമേരിക്കയ്ക്കു സഹിക്കാന്‍ പറ്റുന്നില്ല. എന്നാല്‍ നൂറ്റാണ്ടുകളായി എത്രയോ വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് സ്വാധീനിക്കാനും അട്ടിമറിക്കാനും അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരിക്കുന്നു.
വിദേശരാജ്യങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എല്ലാവിധത്തിലും അമേരിക്ക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് ചരിത്രം. വോട്ടര്‍മാരെ മാത്രമല്ല, സ്ഥാനാര്‍ഥികളെ, രാഷ്ട്രീയ പാര്‍ട്ടികളെ, മാധ്യമങ്ങളെ തുടങ്ങിയ എല്ലാ ഘടങ്ങളെയും യുഎസ് സ്വാധീനിക്കുകയും അതുവഴി ജനാധിപത്യരീതിയില്‍ അരങ്ങേറിയ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു വേണ്ടി സിഐഎ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ചാരസംഘടന ചെലവഴിച്ചത് ശതകോടികളാണ്.
1898-ല്‍ സ്പാനിഷ് ഭരണത്തെ തൂത്തെറിയാന്‍ ക്യൂബയിലെ വിമതര്‍ക്കു സഹായം ചെയ്തു കൊടുത്തിട്ടുണ്ട് അമേരിക്ക. തുടര്‍ന്ന് യുഎസ് അനുകൂല സ്ഥാനാര്‍ഥിയെ അധികാരത്തിലേറ്റി. അദ്ദേഹത്തിനെതിരേ പ്രതിഷേധിക്കാന്‍ ജനങ്ങളെ ഒരിക്കലും അനുവദിച്ചതുമില്ല. പിന്നീട് ഹാവായ് എന്ന ദ്വീപ് രാഷ്ട്രത്തിലെ ഭരണാധികാരിയെ അധികാരഭ്രഷ്ടനാക്കി അമേരിക്ക അധിനിവേശം നടത്തി. അവിടത്തെ ജനങ്ങള്‍ക്കു വോട്ടവകാശം നിഷേധിക്കുകയും ചെയ്തു. അമേരിക്കയെ അനുകൂലിക്കുന്നവരെ മാത്രം ഭരണകൂടത്തിന്റെ ഭാഗമാക്കുകയും ചെയ്തു.
ശീതയുദ്ധകാലത്ത് വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ചു ഫലം അമേരിക്കയ്ക്ക് അനുകൂലമാക്കുന്നതായിരുന്നു ചാരസംഘടനയായ സിഐഎയുടെ പ്രധാന ജോലി. 1948ല്‍ ഇറ്റലിയില്‍ ഇത്തരത്തില്‍ സിഐഎ പ്രവര്‍ത്തിച്ചിരുന്നു. 1953ല്‍ വിയറ്റ്‌നാമിലും 1955ല്‍ ഇന്തോനേഷ്യയിലും അമേരിക്കയുടെ തിരക്കഥയനുസരിച്ചാണു തെരഞ്ഞെടുപ്പ് നടന്നത്.
1955ല്‍ അമേരിക്കന്‍ അനുകൂല പാര്‍ട്ടി ഇന്തോനേഷ്യയില്‍ ഭരണത്തിലേറാന്‍ സിഐഎ ചാരന്മാര്‍ ഒരു മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. 1957ല്‍ ലെബനനിലും ഇത്തരത്തില്‍ അമേരിക്കന്‍ അനുകൂലിയെ ഭരണത്തിലേറാന്‍ സഹായിച്ചിരുന്നതായി സിഐഎയുടെ മുന്‍ ചാരന്‍ ആത്മകഥയില്‍ സൂചിപ്പിക്കുകയുണ്ടായി. പക്ഷേ ലെബനനിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയുടെ റോള്‍ വിവാദമാവുകയും അവിടെ വന്‍ പ്രക്ഷോഭം അരങ്ങേറുകയുമുണ്ടായി. പ്രക്ഷോഭത്തെ നേരിടാന്‍ അമേരിക്ക ലെബനനിലേക്ക് ട്രൂപ്പുകളെ അയയ്ക്കുകയും ചെയ്തു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും സമാന സംഭവമുണ്ടായി. 1965ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അമേരിക്ക അധിനിവേശം നടത്തുകയും അവരുടെ പാവയായി നില്‍ക്കുന്ന ഭരണാധികാരിയെ അധികാരത്തിലേറ്റുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ഇതില്‍ പ്രതിഷേധിച്ചു തെരുവിലിറങ്ങി. പക്ഷേ ജനക്കൂട്ടത്തിന്റെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ അമേരിക്ക സൈനികരെ രംഗത്തിറക്കി.
1964ല്‍ ചിലിയില്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അമേരിക്കയുടെ സ്വാധീനശക്തി ശരിക്കും ലോകമറിഞ്ഞത്. അമേരിക്കന്‍ അനുകൂല സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പത്രങ്ങളിലും റേഡിയോയിലും പണം മുടക്കി വാര്‍ത്തകള്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു. 1970ല്‍ ചിലിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ഭരണാധികാരി അധികാരത്തിലേറുന്നത് തടയാന്‍ അമേരിക്ക ഒട്ടേറെ വിഴര്‍പ്പൊഴുക്കി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാല്‍വദോര്‍ അലെന്‍ഡെയായിരുന്നു. ഇദ്ദേഹം 1970ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ എഡ്വാര്‍ഡോ ഫ്രെയ് മൊണ്ടാല്‍വയും അദ്ദേഹത്തിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അലെന്‍ഡെയുടെ എതിരാളികളുമായി കൂട്ടുചേര്‍ന്നു പാര്‍ലമെന്റില്‍ അലെന്‍ഡെയ്‌ക്കെതിരേ നീക്കം നടത്തി. അലെന്‍ഡെയുടെ പ്രസിഡന്റ് പദത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാണിച്ച് 1973ല്‍ അട്ടിമറി ശ്രമം നടത്തി. ഇത് Chilean coup of 1973 എന്ന് അറിയപ്പെടുന്നു. ചിലിയുടെയും ശീതയുദ്ധകാലത്തെയും നിര്‍ണായക സംഭവമെന്നാണ് ഇതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലിയില്‍ 73ല്‍ അരങ്ങേറിയ ഭരണഅട്ടിമറി ശ്രമങ്ങള്‍ ഒരു വര്‍ഷം നീണ്ടു നിന്നു. തുടര്‍ന്ന് അലെന്‍ഡെയെ സൈന്യം അട്ടിമറിച്ചു. അലെന്‍ഡെയുടെ സൈന്യത്തിലെ തലവനായിരുന്ന അഗസ്‌റ്റോ പിനോഷെ അധികാരിയായി മാറുകയും ചെയ്തു. ജനങ്ങള്‍ തെരഞ്ഞെടുത്ത അലെന്‍ഡെയെ അട്ടിമറിച്ച പിനോഷെയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ യുഎസ് അംഗീകരിക്കുകയും ചെയ്തു.

Comments

comments

Categories: Slider, Trending