ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തതില്‍ 12 ശതമാനം വര്‍ധന

ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തതില്‍ 12 ശതമാനം വര്‍ധന

ന്യൂ ഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞവര്‍ഷം നവംബറില്‍ ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തതില്‍ പന്ത്രണ്ട് ശതമാനം വര്‍ധന. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് തുടര്‍ച്ചയായ രണ്ട് വര്‍ഷത്തിനുശേഷമാണ് ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത് ഈ വിധം വര്‍ധിക്കുന്നത്. സാധാരണ നവംബര്‍ മാസങ്ങളില്‍ ബിസിനസ് മോശമാകുകയാണ് പതിവ്. 2015 നവംബര്‍, 2014 നവംബര്‍ എന്നീ കാലയളവുകളില്‍ ബിസിനസ് ജെറ്റ് സര്‍വീസ് വളര്‍ച്ച യഥാക്രമം 3.3 ശതമാനവും 7.8 ശതമാനവും കുറയുകയായിരുന്നു. 2013 നവംബറില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡെല്‍ഹി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതിനാല്‍ 8.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ വര്‍ധിച്ചതിന്റെ കാരണം കൃത്യമായി പറയാനാകില്ലെങ്കിലും അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് നിരവധിപേര്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായി ഊഹിക്കാമെന്നാണ് ഡെല്‍ഹി ആസ്ഥാനമായ ബിസിനസ് ജെറ്റ് കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്.

അസാധുവാക്കപ്പെട്ട നോട്ടുകള്‍ രാജ്യത്തെ മറ്റ് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി കൊണ്ടുപോയതാണ് ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ വര്‍ധിക്കാന്‍ കാരണമെന്ന് സംശയിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, നവംബര്‍ 22 ന് ഹരിയാണയിലെ ഹിസാറില്‍നിന്ന് നാഗാലാന്‍ഡിലെ ദിമാപുരിലേക്ക് അസാധുവാക്കപ്പെട്ട മൂന്നര കോടി രൂപയുമായി ഒരു വിമാനം പറന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് അതിവേഗം പണമെത്തിക്കുന്നതിന് രാജ്യത്തെ വിവിധ ബാങ്കുകള്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ ഉപയോഗിച്ചതും വര്‍ധനയ്ക്കിടയാക്കി. വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം കറന്‍സി അസാധുവാക്കിയതിനെതുടര്‍ന്ന് കറന്‍സി ചെസ്റ്റുകളില്‍ പണമെത്തിക്കുന്നതിനും ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്തിരിക്കാം. നവംബര്‍ എട്ടിനുശേഷം സ്വകാര്യ വിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തിയ സര്‍വീസുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ വിമാനത്താവള അധികൃതരോടും നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy