യൂബര്‍ നിരക്ക് വര്‍ധിപ്പിച്ച് തുടങ്ങുന്നു; ഡ്രൈവര്‍മാര്‍ക്കുള്ള ആനുകൂല്യവും വെട്ടിച്ചുരുക്കി

യൂബര്‍ നിരക്ക് വര്‍ധിപ്പിച്ച് തുടങ്ങുന്നു; ഡ്രൈവര്‍മാര്‍ക്കുള്ള ആനുകൂല്യവും വെട്ടിച്ചുരുക്കി

 

ന്യൂഡെല്‍ഹി : യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് കമ്പനികളില്‍ രജിസ്റ്റര്‍ ചെയ്ത ഡ്രൈവര്‍മാരില്‍ പലരും പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്നത് അസാധാരണമല്ലായിരുന്നു. വിപണിയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായി ഈ കമ്പനികള്‍ ഡ്രൈവര്‍മാരെ മികച്ച ഓഫര്‍ നല്‍കി അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതെല്ലാം പഴങ്കഥയാവുകയാണ്. 2017 പിറന്നതോടെ ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെല്‍ഹിയില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടാണ് യൂബര്‍ പുതുവര്‍ഷം തുടങ്ങിയത്. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഇന്‍സെന്റീവ് ഘടനയിലും മാറ്റം വരുത്തിയിരിക്കുകയാണ്. ഇനി മുതല്‍ ഓരോ ട്രിപ്പിന്റെയും വരുമാനത്തിനനുസരിച്ചാണ് ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്റീവ് ലഭിക്കുക. റൈഡുകളുടെ എണ്ണമോ ഒരു ദിവസത്തെ വരുമാനമോ പരിഗണിക്കില്ല. ഒരു റൈഡിന്റെ അമ്പത് മുതല്‍ എഴുപത് ശതമാനം വരെയായിരിക്കും ഈ ഇന്‍സെന്റീവ്.

കൂടാതെ അഡീഷണല്‍ ബോണസായി ആയിരം രൂപ ലഭിക്കുന്നതിന് ഡ്രൈവര്‍മാര്‍ ഒരാഴ്ച്ച കുറഞ്ഞത് 34 ട്രിപ്പുകളും രണ്ടായിരം രൂപ ലഭിക്കുന്നതിന് 44 ട്രിപ്പുകളും നടത്തേണ്ടിവരും. യൂബറിന്റെ പുതിയ തീരുമാനത്തോടെ കമ്പനിക്കുകീഴിലെ ഡ്രൈവര്‍മാരുടെ ഇന്‍സെന്റീവ് വരുമാനം കുത്തനെ കുറഞ്ഞിരിക്കുകയാണ്. കമ്മീഷനും സേവന നികുതിയും കൂടി കമ്പനി എടുക്കുന്നതോടെ ഡ്രൈവര്‍മാര്‍ക്ക് ഫലത്തില്‍ 25 മുതല്‍ 45 ശതമാനം വരെ മാത്രമേ ഇന്‍സെന്റീവ് ലഭിക്കൂ എന്ന അവസ്ഥയാണ്.

Comments

comments

Categories: Slider, Top Stories