ഇന്ത്യന്‍ വാഹന വിപണിയില്‍ ഓഫ്-റോഡ് പ്രിയം

ഇന്ത്യന്‍ വാഹന വിപണിയില്‍ ഓഫ്-റോഡ് പ്രിയം

ന്യൂഡെല്‍ഹി: ഇന്ത്യക്കാര്‍ക്ക് ഓഫ് റോഡ് കാറുകളോട് പ്രിയം വര്‍ധിക്കുന്നവെന്നാണ് കമ്പനികളുടെ എസ് യുവി മോഡലുകള്‍ക്ക് രേഖപ്പെടുത്തുന്ന വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന നാല് കാറുകളില്‍ ഒന്ന് ഓഫ് റോഡ് കാറാണ് എന്നാണ് പുതിയ കണ്ടെത്തല്‍.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, കരുത്തുറ്റ രൂപയും, ശക്തനായ എന്‍ജിനുമാണ് ഓഫ് റോഡ് കാറുകളെ മറ്റുള്ളവയില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ട് മടങ്ങ് വളര്‍ച്ചയാണ് ഈ സെഗ്‌മെന്റ് നേടിയിരിക്കുന്നത്. കോംപാക്ട് കാറുകള്‍, മിനി സെഡാന്‍ എന്നീ വിഭാഗങ്ങള്‍ക്കൊന്നും നേടാന്‍ പറ്റാത്ത വളര്‍ച്ചയാണ് എസ്‌യുവി വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതി, നഗരങ്ങള്‍ക്കിടയിലുള്ള യാത്രകളുടെ വര്‍ധന, പുതിയതും പോക്കറ്റിന് ഇണങ്ങുന്നതുമായ മോഡലുകളുടെ രംഗപ്രവേശം എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് പ്രിയം വര്‍ധിക്കാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിവേഗം വളരുന്ന കരുത്തുറ്റ സെഗ്‌മെന്റാണിതെന്നാണ് ഹ്യുണ്ടായ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാഖേഷ് ശ്രീവാസ്തവ വ്യക്തമാക്കിയിരിക്കുന്നത്. ഹ്യൂണ്ടായ്ക്ക് ഏറ്റവും നേട്ടമുണ്ടാക്കിക്കൊടുത്ത ക്രെറ്റ ഈ വിഭാഗത്തില്‍ പെടുന്ന മോഡലാണ്. മാസത്തില്‍ 8,000 യൂണിറ്റാണ് ക്രെറ്റയുടെ ശരാശരി വില്‍പ്പന. സെഡാന്‍, എംപിവി എന്നിവയിലുള്ള ഉപഭോക്താക്കള്‍ പോലും എസ്‌യുവി തല്‍പ്പരരാണെന്നാണ് ഇതില്‍ അതിശയകരമെന്നും അദ്ദേഹം ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
തലയെടുപ്പോടെ നില്‍ക്കുന്നതും റോഡുകളുടെ അവസ്ഥയും ഇത്തരം വാഹനങ്ങള്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആദ്യഘട്ടത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് വന്‍ വിലയായിരുന്നെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവയുടെ വിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇതോടൊപ്പം ഈ സെഗ്‌മെന്റ് വാഹന വിപണിയുടെ മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തു.
മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, റെനോ ഡസ്റ്റര്‍ എന്നീ ‘സിറ്റി എസ്‌യുവികള്‍’ക്കാണ് വിപണിയില്‍ വന്‍ വില്‍പ്പന രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പോക്കറ്റിനൊതുങ്ങുന്ന വിലയും ഉപഭോക്താക്കളെ ഈ മോഡലിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു. അതേസമയം, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ അടിസ്ഥാന ഫീച്ചറായ 4×4 സൗകര്യമുള്‍പ്പടെ ചില കാര്യങ്ങള്‍ ഈ മോഡലുകള്‍ക്കില്ലെങ്കിലും രൂപ കല്‍പ്പനയിലും ചില സ്വഭാവങ്ങളിലും ഇവ എസ്‌യുവികളുമായി സാമ്യത പുലര്‍ത്തുന്നതാണ് കമ്പനികള്‍ക്ക് ഇതിലുള്ള സൂത്രം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറിക്കയ മാരുതി ബ്രെസ ഇന്ത്യന്‍ വിപണിയില്‍ അതിവേഗം വില്‍പ്പന വളര്‍ച്ച കൈവരിച്ച ചുരുക്കം ചില മോഡലുകളില്‍ ഒന്നാണ്. വിപണിയിലെത്തി ഒന്‍പത് മാസത്തിനുള്ളില്‍ 80,000 യൂണിറ്റുകളാണ് ഈ മോഡലിന്റെ വില്‍പ്പന. നിലവിലെ സാഹചര്യത്തില്‍ ഒരു ബ്രെസ സ്വന്തമാക്കണമെങ്കില്‍ ഒരു അഞ്ച് മാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നത് കാറിന്റെ ഡിമാന്‍ഡ് സൂചിപ്പിക്കുന്നു.
ഹാച്ച്ബാക്കുകള്‍, സെഡാന്‍ എന്നീ മോഡലുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മടുത്തിട്ടുണ്ടാകുമെന്നാണ് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്റ്റര്‍ എന്‍ രാജ ഇതിനെകുറിച്ച് അഭിപ്രായപ്പെടുന്നത്. ഒരു എസ്‌യുവി സ്വന്തമാക്കുന്നതിലൂടെയാണ് ഉപഭോക്താവിന് ജീവിതത്തില്‍ എത്തിയെന്ന് തോന്നുക. ഇതോടൊപ്പം സമൂഹത്തില്‍ വരുന്ന സല്‍പ്പേരും ഇതോടൊപ്പം ചേരുമ്പോള്‍ മറ്റൊന്നും വേണ്ട. രാജ അഭിപ്രായപ്പെടുന്നു. അതേസമയം, ഇത് ഇന്ത്യയില്‍ മാത്രമുള്ള ട്രെന്‍ഡ് അല്ലെന്നും ആഗോള തലത്തില്‍ എസ് യുവികള്‍ക്ക് കൂടുതല്‍ പ്രധാന്യം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞ വിലയുള്ള എസ്‌യുവികള്‍ക്ക് മാത്രമല്ല വിപണിയില്‍ മികച്ച വില്‍പ്പന നേടാനാകുന്നത്. ആഡംബര എസ്‌യുവികള്‍ക്കും വില്‍പ്പനയില്‍ നേട്ടമുണ്ടാകുന്നുണ്ടെന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്. മെഴ്‌സിഡസ് ബെന്‍സിന്റെ 50 ലക്ഷം രൂപയുള്ള ജിഎല്‍ഇ, 30 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു എക്‌സ്1 തുടങ്ങിയ മോഡലുകള്‍ക്കും വിപണിയില്‍ മികച്ച ഡിമാന്‍ഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

comments

Categories: Auto